കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ അധ്യാപക സംഘടന നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. അധ്യാപകർക്ക് കൊടുക്കാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്നുള്ള കാര്യം അറിയിക്കണമെന്ന് ഹൈകോടതി സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്. അതേസമയം തുകയെ ചൊല്ലി കേന്ദ്ര സംസ്ഥാന പോര് തുടരുകയാണ്. കേരളത്തിനായി തുക അനുവദിച്ചെന്നും സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്നാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തുന്നത്.2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം . എന്നാൽ സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്‍റെ വാദം. തുക അടയ്ക്കാൻ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നടപ്പാക്കാൻ നിർദേശിച്ച് ഓഗസ്റ്റ് എട്ടിന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നും കേന്ദ്രം പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!