ന്യൂഡൽഹി: പറന്നുയർന്ന ഉടനെ എൻജിനു തീ പിടിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ–2131 വിമാനത്തിന്റെ എൻജിനാണു തീ പിടിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നു.ക്രൂ അംഗങ്ങളുൾപ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ആർക്കും അപകടമില്ലെന്നു ഡൽഹി പൊലീസും അറിയിച്ചു. സംഭവത്തിനു പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു