ഇടുക്കി: എം.എം മണിക്കും കെ വി ശശിക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുമെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. എം എം മണിയുടെ പരസ്യപ്രസ്താവനകളിൽ ഭീഷണിയുടെ സ്വരമുണ്ടെന്ന് എസ് രാജേന്ദ്രൻ പറയുന്നു.തന്നെ വെടിവെച്ച് കൊല്ലുമെന്നും ശരിയാക്കുമെന്നും പറയുന്നത് തള്ളിക്കളയാൻ കഴിയില്ല. പറഞ്ഞാൽ ചെയ്യുന്നതാണ് മാർക്സിസ്റ്റ് പാർട്ടിയുടെ രീതി. പാർട്ടിയോട് എംഎം മണി അനുവാദം ചോദിച്ചിരിക്കുകയാണ്. മരിക്കുന്നതിൽ ഭയമില്ല. മക്കളെ വിവാഹം കഴിച്ചുകൊടുക്കാൻ നാലുവർഷം വേണം. അതുവരെ തന്നെ കൊല്ലരുതെന്നും അദ്ദേഹം മൂന്നാറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ വി ശശി നൽകുന്ന വേദാന്തത്തിലൂടെയാണ് എം എം മണി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്നാർ സഹകരണ ബാങ്ക് ഹൈഡൽ പാർക്കിൽ നടത്തിയ നിക്ഷേപവും റിസോർട്ട് വാങ്ങിയതിന് പിന്നിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നൽകുന്ന പരാതിയിൽ ഇക്കാര്യങ്ങൾ കൂടി ഉന്നയിക്കും. സിപിഐ തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പാർട്ടി വിടുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രൻ വ്യക്തമാക്കി.പാർട്ടി വെടിവെയ്ക്കാൻ പറഞ്ഞാൽ വെടിവെയ്ക്കുമെന്ന് എം.എം.മണി നേരത്തെ പറഞ്ഞിരുന്നു. രാജേന്ദ്രനെപ്പോലെയുള്ള ഒരാൾക്ക് കയറിയിരിക്കാൻ പറ്റിയ പാർട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം പറഞ്ഞു. എം.എം.മണിയുള്ള പാർട്ടിയിൽ താനിരിക്കില്ല എന്ന എസ്.രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിന്റെ സംസ്ഥാന സമിതി ക്ഷണിതാവായി ഞാൻ വെറുതെ ഇരിക്കുന്നു എന്ന് ഓർക്കണ്ട, ഇതിന് കുറച്ച് മുതൽ മുടക്കുള്ളതാ. വെടിവെയ്ക്കാൻ പറഞ്ഞാൽ വെടിവെയ്ക്കും. അല്ലെങ്കിലും എം.എം.മണിയുള്ള പാർട്ടിയിലിരിക്കാൻ രാജേന്ദ്രന് യോഗ്യതയില്ല. അതുകൊണ്ടാണ് പുറത്താക്കി കൈകാര്യം ചെയ്തത്. അവനെപ്പോലെയുള്ളവരൊക്കെ പാർട്ടിയിൽ ഇരിക്കരുത് എന്ന നിലപാടാണ് തനിക്കുള്ളതെന്നും മണി പറഞ്ഞു.മണി വെടിവയ്ക്കട്ടെ, എന്നാൽ താൻ ബുള്ളറ്റ് പ്രൂഫ് ഇടുകയോ ഭയന്നോടുകയോ ചെയ്യില്ലെന്നായിരുന്നു മുൻ എം.എൽ.എ. എസ്.രാജേന്ദ്രന്റെ പ്രതികരണം. തിരുനെൽവേലിയിലേക്ക് പൊയ്ക്കോ എന്നൊക്കെയാണ് തന്നോട് പറയുന്നത്. തന്റെ മുൻഗാമികൾ അധ്വാനിച്ച് ജീവിക്കാൻവേണ്ടി വന്നവരാണ്. സി.പി.എം. പ്രാദേശിക നേതൃത്വം കുടുംബപരമായി ഞങ്ങളെ ദേഹോപദ്രവം ചെയ്തുവരുന്നു. കള്ളക്കേസുകളിൽ കുടുക്കുന്നു. മകൾക്ക് എം.ബി.ബി.എസ്. സീറ്റുകിട്ടുന്നതിന് ഒരുകോടി രൂപ നല്കി എന്നുപറയുന്നു. നീറ്റ് പരീക്ഷ എഴുതാതെ എങ്ങനെ സീറ്റ് കിട്ടും. അഞ്ചുകോടിയെങ്കിലും വേണ്ടെ സീറ്റുകിട്ടാൻ. സി.പി.എം. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ എസ്റ്റേറ്റുകളിൽ കമ്മിറ്റി കൂടി എനിക്കെതിരേ തെറ്റായ പ്രചാരണങ്ങൾ നടത്താൻ നിർദേശം നല്കിയിരിക്കുകയാണെന്നും രാജേന്ദ്രൻ പറഞ്ഞു.പതിനഞ്ച് വർഷം എംഎൽഎയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന രാജേന്ദ്രൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായ അഡ്വ എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം എം എം മണിയുയർത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിച്ചത്. രാജേന്ദ്രനെ പുറത്താക്കാൻ എം എം മണി ശ്രമിച്ചതോടെ, മണിക്കെതിരെ രാജേന്ദ്രൻ മാധ്യമങ്ങളിലൂടെ പ്രസ്ഥാവന ഇറക്കി. ജില്ലയിലെ മുതിർന്ന നേതാവിനെതിരെ ശബ്ദിക്കാൻ രാജേന്ദ്രൻ ശ്രമിച്ചതോടെ പാർട്ടി അച്ചടക്ക നടപടിയുമായി രംഗത്തെത്തി.ഇതേതുടർന്ന് രാജേന്ദ്രനെ അന്വേഷണ വിധേയമായി സിപിഎം പുറത്താക്കി. എന്നാൽ, പൊതുവേദികളിൽ എം എം മണി രാജേന്ദ്രനെ വിമർശിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം നടന്ന ട്രൈഡ് യൂണിൻ പ്രതിനിധി സമ്മേളനത്തിൽ രാജേന്ദ്രനെ ശരിയാക്കണമെന്ന് എം എം മണി തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് വീണ്ടും ശക്തമായി. എം എം മണിയുടെ പ്രസ്താവനക്കെതിരെ രാജേന്ദ്രൻ രംഗത്തെത്തുകയും പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് അഴിമതി തുറന്നുകാട്ടി. ഇതിന് മറുപടിയുമായി സഹകരണ ബാങ്ക് രംഗത്തെത്തിയിരുന്നു