തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യക്ക് കൂറ്റൻ ജയം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. 317 റൺസിനാണ് ശ്രീലങ്കയെ തോല്പിച്ചത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് ഇന്ന് ഇന്ത്യ നേടിയത്. മൂന്നൂറിലധികം റൺസ് നേടി ജയിക്കുന്ന ആദ്യ ​​ടീമായി ഇന്ത്യ.കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വിരാട് കോഹ്‌ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിൽ 391 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നിൽ വച്ചത്. എന്നാൽ ശ്രീലങ്കൻ ഇന്നിംഗ്‌സ് 73 റൺസിൽ ഒതുങ്ങി. 51റൺസ് എടുക്കുന്നതിനിടെ തന്നെ എട്ടു വിക്കറ്റുകളാണ് നഷ്ടമായത്.ഓപ്പണർ നുവാനിദു ഫെർണാണ്ടോയും ക്യാപ്റ്റൻ ദാസുൻ ഷനകയും വാലറ്റ നിരയിലെ കസുൻ രജിതയും മാത്രമാണ് രണ്ടക്ക കടന്നത്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ശ്രീലങ്കൻ ബാറ്റിങ് നിരയെ തകർത്തത്. ആദ്യ മൂന്ന് വിക്കറ്റുകൾ പിഴുതെടുത്ത് ശ്രീലങ്കൻ ബാറ്റിങ്ങിനെ തകർച്ചയിലേക്ക് നയിച്ചത് മുഹമ്മദ് സിറാജാണ്. മുഹമ്മദ് സിറാജ് നാലുവിക്കറ്റുകൾ നേടി.കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വിരാട് കോഹ്‌ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ നേടിയത്.ശ്രീലങ്കയ്ക്കായി ലഹിരു കുമാര, കസുൻ രജിത രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ചമിക കരുണരത്‌നെ ഒരു വിക്കറ്റെടുത്തു.85 പന്തിൽ പത്ത് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ ശതകം. കരിയറിലെ 46ാം ഏകദിന സെഞ്ച്വറിയാണിത്. പരമ്പരയിൽ താരം നേടുന്ന രണ്ടാം സെഞ്ച്വറി. പിന്നാലെ ഗിയർ മാറ്റിയ കോഹ്‌ലി കളം അടക്കി വാണു.പിന്നീട് കണ്ടത് കോഹ്‌ലിയുടെ നിറഞ്ഞാട്ടമാണ്. എട്ട് കൂറ്റൻ സിക്‌സും 13 ഫോറും സഹിതം കോഹ്‌ലി 166 റൺസുമായി പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോൾ കോഹ്‌ലിക്കൊപ്പം രണ്ട് റൺസുമായി അക്ഷർ പട്ടേലായിരുന്നു ക്രീസിൽ.89 പന്തിൽ 11 ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് ഗിൽ 100 തികച്ചത്. ആകെ 97 പന്തിൽ 14 ഫോറുകളും രണ്ട് സിക്‌സും സഹിതം 116 റൺസ് താരം കണ്ടെത്തി. കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഗിൽ നേടിയത്. ഗില്ലിനെ രജിത ബൗൾഡാക്കി.രണ്ടാം വിക്കറ്റിൽ കോഹ്‌ലിയും ഗില്ലും ചേർന്ന് 131 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗില്ലിന് പിന്നാലെ എത്തിയ ശ്രേയസ് അയ്യരും മികവിൽ ബാറ്റ് വീശിയതോടെ ഇന്ത്യ കൂറ്റൻ സ്‌കോറിന്റെ വഴിയിലെത്തി. 32 പന്തിൽ 38 റൺസുമായി ശ്രേയസ് പുറത്തായി. പിന്നാലെ വന്ന കെഎൽ രാഹുലിന് അധികം ക്രീസിൽ നിൽക്കാനായില്ല. താരം ഏഴ് റൺസുമായി മടങ്ങി. 49 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 42 റൺസടിച്ച രോഹിതിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ആറാമനായി ക്രീസിലെത്തിയ സൂര്യകുമാറിനും അൽപ്പായുസായിരുന്നു. താരം നാല് റൺസിൽ പുറത്ത്.നേരത്തെ ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. 16ാം ഓവറിൽ ഇന്ത്യ 100 കടന്നു. രോഹിത് ശുഭ്മാൻ ഗിൽ സഖ്യം ഓപ്പണിങിൽ 95 റൺസ് ചേർത്താണ് പിരിഞ്ഞത്. 16ാം ഓവറിലെ രണ്ടാം പന്തിലാണ് രോഹിത് മടങ്ങിയത്. ചമിക കരുണരത്‌നെയുടെ പന്തിൽ ആവിഷ്‌ക ഫെർണാണ്ടോ രോഹിതിന്റെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!