ദുബായ്: ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ലയണൽ മെസിയും സൗദി ക്ലബ്ബിലേക്കെന്ന് റിപ്പോർട്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസിയെ സ്വന്തമാക്കാൻ ഒരുങ്ങുന്നതായാണ് സൂചന. അൽ ഹിലാൽ ക്ലബ് മെസി എന്നെഴുതിയ പത്താം നമ്പർ ജഴ്സി അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്.അൽ നസറും അൽ ഹിലാലും തമ്മിലുള്ള വൈര്യത്തിന് ഇടയിൽ മെസിയുടെ ജഴ്‌സി എത്തിയത് താരത്തിന്റെ മാറ്റത്തിന്റെ സാധ്യതകൾ കൂട്ടുന്നു. മെസിയുമായി അൽ ഹിലാൽ കരാർ സംബന്ധിച്ച ധാരണയിൽ എത്തിയതായാണ് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിൽ ചേർന്നതിന് പിന്നാലെ മെസ്സിയെ ടീമിലെത്തിക്കാനുള്ള കരാർ അൽ ഹിലാൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് കുവൈറ്റിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി പറഞ്ഞു. എന്നാൽ മെസിയും അൽ ഹിലാൽ ക്ലബും ഇതുവരെ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ലോകകപ്പ് ജയം ആഘോഷിച്ചതിന് ശേഷം മെസി ഇന്നാണ് പാരിസിലേക്ക് തിരിച്ചെത്തിയത്. ഉടനെ തന്നെ താരം പിഎസ്ജിയിൽ പരിശീലനം ആരംഭിക്കും. അടുത്ത സമ്മറിൽ മെസി ഫ്രീ ഏജന്റാവും. കരാർ 2024 വരെ നീട്ടാനുള്ള ഓഫർ മെസിക്ക് മുൻപിൽ പിഎസ്ജി വെച്ചതായാണ് വിവരം. എംഎൽഎസ് ക്ലബായ ഇന്റർ മിയാമിയിലേക്ക് മെസി എത്തിയേക്കുമെന്ന റിപ്പോർട്ടുകളും പല ഘട്ടങ്ങളിൽ ശക്തമായി ഉയർന്നിരുന്നു.2025 വരെയാണ് ക്രിസ്റ്റ്യാനോയും അൽ നസറും തമ്മിൽ കരാറുള്ളത്. പ്രതിവർഷം 1000 കോടി രൂപയോളമാണ് ക്രിസ്റ്റിയാനോയ്ക്ക് പ്രതിഫലമായി ലഭിക്കുക. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ന്യൂകാസിലിന് കഴിഞ്ഞാൽ ക്രിസ്റ്റിയാനോ അൽ നസറിൽ നിന്ന് ന്യൂകാസിലിലേക്ക് എത്തിയേക്കും എന്നും സൂചനയുണ്ട്.