കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടി പിടിയിലായ ലഹരിക്കേസ് ശിക്ഷാത്തടവുകാരന്‍ കോയ്യോട് സ്വദേശി ടി.സി. ഹര്‍ഷാദ് (33) ജയിലിനിള്ളിൽ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈൽ ഫോണുകൾ. മൊബൈല്‍ നിരോധിച്ച ജയിലിനകത്താണ് പ്രതി അഞ്ച് ഫോണ്‍ ഉപയോഗിച്ചതെന്ന കണ്ടെത്തല്‍ അന്വേഷണസംഘത്തെ ഞെട്ടിച്ചു.തടവുചാടുന്നതിന് 30 മിനിറ്റ് മുന്‍പുവരെയും മൊബൈല്‍ ഉപയോഗിച്ചിരുന്നു. ജയിൽ ചാടിയ ശേഷം ഒളിത്താവളം ഒരുക്കിയ തമിഴ്‌നാട് മധുര കാരക്കുടി സ്വദേശിയായ പെണ്‍സുഹൃത്ത് അപ്‌സരയെയും സഹോദരനെയും മരുമകന്‍ റിസ്വാനെയും ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. കൂടാതെ ഇയാളുടെ മാതാപിതാക്കളെയും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍ നിന്നാണ് ഹർഷാദിനെ പോലീസ് പിടികൂടിയത്. ഒളിത്താവളം ഒരുക്കിയ അപ്‌സരയെയും (23) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എ.സി.പി. കെ.വി. വേണുഗോപാല്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.ജയില്‍ ചാടാന്‍ ബെംഗളൂരുവില്‍നിന്ന് ബൈക്ക് എത്തിച്ചുനല്‍കിയ ഹര്‍ഷാദിന്റെ മരുമകന്‍ റിസ്വാന്‍ (24) കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. നാലുദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് അപ്‌സരയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടിച്ചത്. ബൈക്കില്‍ രക്ഷപ്പെടുത്തിയ ബന്ധുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.ടൗണ്‍ എസ്‌.ഐ.മാരായ സവ്യസാചി, സി.പി. നാസര്‍, എ.എസ്‌.ഐമാരായ എം. അജയന്‍, സി. രഞ്ജിത്ത്, പി. ഷൈജു, വിനില്‍, വനിത എ.എസ്‌.ഐ. കെ. ഷിജി എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!