തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസ വാർത്ത. 13 കോടി രൂപ ഉടൻ നിക്ഷേപകർക്ക് തിരികെ നൽകും. ശനിയാഴ്ച മുതൽ തുക വിതരണം ചെയ്യാൻ തീരുമാനമായി. കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം.അഞ്ചു ലക്ഷത്തിന് മീതെ സ്ഥിര നിക്ഷേപമുള്ളവർക്ക് ഡിസംബർ 11 മുതൽ 10 ശതമാനം വരെ തുക പലിശ സഹിതം തിരികെ നൽകും. അര ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം പൂർണമായും പിൻവലിക്കാൻ അവസരം ലഭിക്കും. ചെറുകിട സ്ഥിര നിക്ഷേപകർക്ക് നിശ്ചിത ശതമാനം തുകയും പലിശയും പിൻവലിക്കാം.കരുവന്നൂർ സഹകരണ ബാങ്കിൽ പുതിയതായി 85 നിക്ഷേപകർ വന്നതായി ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിശദീകരിച്ചു. പുതിയ 85 പേർ 41.2 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. 11.2 കോടി രൂപയുടെ നിക്ഷേപം പുതുക്കിയെന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. മൂല്യമില്ലാത്ത വസ്തു ഈടിൽ ലോൺ നൽകിയത് 103.6 കോടി രൂപയാണ്. അതിൽ 50 കോടി തിരിച്ചു പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി.