ടെഹ്റാൻ: ഗാസയ്ക്കെതിരെ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇസ്രയേലുമായുള്ള എണ്ണക്കയറ്റുമതിയുൾപ്പെടെ എല്ലാ വ്യാപാരവും നിർത്തിവെക്കാൻ ഇറാൻ. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയാണ് ബുധനാഴ്ച മുസ്‌ലിം രാജ്യങ്ങളോട് ഇസ്രയേലുമായുള്ള ബന്ധം അവസനിപ്പിക്കാൻ അഭ്യർഥന നടത്തിയത്.ഹമാസിനെ ഇല്ലായ്മചെയ്യാനെന്നു പറഞ്ഞ് ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തിലാണ് അഭ്യർഥന. പലസ്തീനെതിരേ നിലകൊള്ളുന്ന പാശ്ചാത്യ സർക്കാരുകളെയും ഖമീനി വിമർശിച്ചു. ബ്രിട്ടൻ, ഫ്രാൻസ്, യു.എസ്. എന്നിവയുടെ പേരെടുത്തു പറഞ്ഞായിരുന്നു വിമർശനം.“ഗാസയിലെ ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്‌ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം (ഇസ്രയേൽ) മാത്രമല്ലെ”ന്ന് അദ്ദേഹം പറഞ്ഞു.ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്‌ലിങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു.സ്ഥാനപതിമാരെ തിരിച്ചുവിളിച്ച് തെക്കെ അമേരിക്കൻ രാജ്യങ്ങൾലണ്ടൻ: ഗാസയിൽ യുദ്ധം നടത്തുന്ന ഇസ്രയേലിനോടുള്ള പ്രതിഷേധമായി ചിലി, കൊളംബിയ എന്നീ തെക്കെ അമേരിക്കൻ രാജ്യങ്ങൾ സ്ഥാനപതിമാരെ തിരിച്ചുവിളിച്ചു. ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗാസയിൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്ന ഇസ്രയേലിനെ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ വിമർശിച്ചു. ഈ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷമാണ് അധികാരത്തിൽ.2009-ൽ ഇസ്രയേൽ ഗാസയിൽ അധിനിവേശം നടത്തിയപ്പോഴും ബൊളീവിയ നയതന്ത്രബന്ധം മുറിച്ചിരുന്നു. 2020-ൽ വലതുപക്ഷം അധികാരത്തിലിരുന്നപ്പോഴാണ് അതു പുനഃസ്ഥാപിച്ചത്.