രാജ്യത്തിന്റെ വിവിധ മേഖലകളിൽ തിങ്ങി നിൽക്കുന്ന അഴിമതി തുടച്ചുനീക്കാൻ ചൂലുമായി അധികാരത്തിലേറിയ ആം ആദ്മി പാർട്ടിക്കിത് തിരിച്ചടികളുടെ കാലമാണ്. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന് ആഹ്വനം ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പോലും ഇരുമ്പഴിക്കുള്ളിൽ ആക്കും വിധം ഡൽഹി മദ്യനയ അഴിമതിക്കേസ് മാറിക്കഴിഞ്ഞു എന്നതാണ് വാസ്തവം. വിഷയത്തിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ് നൽകിയിട്ടുണ്ട്.ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ കേജ്‌രിവാളിനെ ചോദ്യം ചെയ്തിട്ടുണ്ട്. വിഷയത്തിൽ ഡൽഹിയുടെ ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയ്ക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെ കാര്യങ്ങളുടെ കിടപ്പ് അത്ര പന്തിയല്ല എന്ന തിരിച്ചറിവിലാണ് ആം ആദ്മി പാർട്ടി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ അരവിന്ദ് കേജ്‌രിവാളിനും കൂട്ടർക്കും ചുറ്റും വട്ടമിട്ട് പറക്കുകയാണ്. ഇതോടെ ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ നടക്കുന്ന യുദ്ധം പുതിയ തലത്തിലേക്ക് മാറുകയാണ്.സിബിഐയ്ക്ക് പിന്നാലെ കേജ്‌രിവാളിനെ തേടി ഇ.ഡികഴിഞ്ഞ ഏപ്രിലിൽ ഒൻപത് മണിക്കൂറാണ് സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, പാർട്ടിയിലെ മുതിർന്ന നേതാക്കൾ എന്നിവർക്കൊപ്പമാണ് കേജ്‌രിവാൾ ചോദ്യം ചെയ്യലിന് ഹാജരായത്. കേസിനെ രാഷ്ട്രീയപരമായി നേരിടുമെന്ന വ്യക്തമായ സന്ദേശം നൽകുന്നതിനാണ‌് മുതിർന്ന നേതാക്കൾക്കൊപ്പം കേജ്‌രിവാൾ എത്തിയത്. യാതൊരു തെളിവും അന്വേഷണ ഏജൻസികളുടെ കയ്യിലില്ലെന്നാണ് ചോദ്യം െചയ്യലിന് ശേഷം കേജ്‌രിവാൾ പ്രതികരിച്ചത്.എന്നാൽ സിസോദിയയുടെ ജാമ്യം നിഷേധിച്ചതിലൂടെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിനെ പൂർണമായി തള്ളാൻ കോടതി തയാറായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ സിസോദിയ ജയിലിലാണ്. ജാമ്യഹർജിയുമായി പല കോടതികളെയും സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടാകാഞ്ഞതിനെ തുടർന്നാണ് ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയതും തള്ളപ്പെട്ടതും. തൊട്ടുപിന്നാലെ കേജ്‌രിവാളിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നൽകി.വിവാദങ്ങൾക്ക് പിന്നിൽ?വിദഗ്ധ സമിതിയുെട നിർദേശപ്രകാരം 2021 നവംബർ 17നാണ് വിവാദമായ എക്സൈസ് മദ്യ നയം പ്രാബല്യത്തിൽ വന്നത്. സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക, മദ്യ മാഫിയകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നയം അവതരിപ്പിച്ചത്. ഇതുപ്രകാരം നഗരത്തെ 32 സോണുകളായി തിരിച്ചു. ഓരോ സോണിലും പരമാവധി 27 ഔട്ട്‌ലെറ്റുകൾ തുറക്കാം. ലേലം നടത്തി 849 ഔട്ട്‌ലെറ്റുകൾ സ്വകാര്യ കമ്പനികൾക്ക് നൽകി. ഇതോടെ സർക്കാരിന് മദ്യവിൽപനയിലുള്ള നിയന്ത്രണം അവസാനിച്ചു.