തിരുവനന്തപുരം: യാത്രക്കാരെ ​വെട്ടിലാക്കി​ ഇന്ന് സ്വകാര്യബസ്​ പണിമുടക്ക്. ഒട്ടനവധി പേരാണ് ഇന്ന് സ്വകാര്യബസ്​ പണിമുടക്കിൽ നട്ടം തിരിഞ്ഞത്. കുട്ടികളും മുതിർന്നവരും അടക്കം ഇന്ന് ബസ് നോക്കിയിരുന്നു മടുത്തവർ നിരവധി പേരാണ്.സംസ്ഥാനത്തെ 8000 സ്വകാര്യബസുകളിൽ ഭൂരിഭാഗവും നിരത്തിൽനിന്ന്​ വിട്ടുനിന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ യാ​ത്രാക്ലേശം രൂക്ഷമായി. യാത്രക്കാർ മണിക്കൂറോളം ബസ്​ സ്റ്റാൻഡുകളിൽ കാത്തുനിന്നു. പണിമുടക്ക്​ വിവരമറിയാതെ ഇറങ്ങി​യവരും വെട്ടിലായി. പ്രവൃത്തി ദിവസമായിരുന്നതിനാൽ വിദ്യാർഥി യാത്രയും പ്രതിസന്ധിയിലായി.പരമാവധി ബസ്​ ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി ഗ്രാമീണ മേഖലയിൽ കെ.എസ്​.ആർ.ടി.സി അധിക സർവിസ്​ നടത്തിയെങ്കിലും പ്രതിസന്ധിക്ക്​ അയവുണ്ടായിരുന്നില്ല. ചിലയിടങ്ങളിൽ സമാന്തര സർവിസുകൾ ആശ്വാസമായി. സ്വന്തമായി വാഹനമില്ലാത്തവർ പെരുവഴിയിൽ നട്ടം തിരിഞ്ഞു. വീട്ടിൽ ഇരുചക്രവാഹനം ​​പോലുമില്ലാത്തവർ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപന​ങ്ങളിലെത്തിക്കാൻ പെടാപ്പാട്​ പെട്ടു.സ്വകാര്യബസ്​ ഏറെയുള്ള മലബാർ മേഖലയിലായിരുന്നു യാത്രാക്ലേശം രൂക്ഷം. വടക്കൻ ജില്ലകളിൽ ശരാശരി 900 ബസാണുള്ളത്​. കണ്ണൂരിൽ 1300 ഉം. ഇവയാണ്​ പൂർണമായും നിരത്തിൽനിന്ന്​ വിട്ടുനിന്നത്​. ദൂരയാത്രക്കാരെയാണ്​ പണിമുടക്ക് കാര്യമായി ബാധിച്ചത്. കെ.എസ്​.ആർ.ടി.സി ബസുകളിലെല്ലാം വൻതിരക്കായിരുന്നു. വടക്കൻ ജില്ലകളിൽ കെ.എസ്​.ആർ.ടി.സി സാന്നിധ്യം താര​തമ്യേന കുറവായതിനാൽ ബദൽ ക്രമീകരണങ്ങളും ഫലവത്തായില്ല.വിദ്യാർഥികളുടെ ടിക്കറ്റ്​ നിരക്ക്​ മിനിമം അഞ്ചു​ രൂപയാക്കുക, 140 കിലോമീറ്ററിന്​ മുകളിലുള്ള പെർമിറ്റുകൾ സമയബന്ധിതമായി പുതുക്കി നൽകുക, ബസുകളിൽ സീറ്റ് ബെൽറ്റും കാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയാണ്​ ബസുടകളുടെ പ്രധാന ആവശ്യം. വിദ്യാർഥികളുടെ നിരക്ക്​ ഉയർത്താതെയുള്ള ചാർജ്​ വർധന ഈ വ്യവസായത്തെ സംരക്ഷിക്കി​ല്ലെന്നാണ്​ ബസുടമകളുടെ നിലപാട്​.നിരക്കുവര്‍ധന പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനാണ്​ ബസുടമകളുടെ തീരുമാനം. ബസുകളില്‍ നിരീക്ഷണ കാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്​. ഭാരിച്ച ദൈനംദിന ചെലവുകൾക്കുപുറമെ, അധിക ചെലവാണിതെന്നാണ്​ അവർ പറയുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!