ന്യൂയോര്‍ക്ക്: അമേരിക്കയിൽ വെടിവെപ്പ്. റോബർട്ട് കാർഡ് എന്ന ആളാണ് വെടിവപ്പ് നടത്തിയത്. യുവാവിന്റെ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. എൺപത് പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലെ മെയിന്‍ ലെവിസ്റ്റണിൽ മൂന്നിടങ്ങളിലായാണ് ബുധനാഴ്ച രാത്രി വെടിവെപ്പ് നടന്നത്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദേശം നൽകി. കേസിലെ പ്രതി അമേരിക്കയിലെ മുൻ സൈനികൻ ആണെന്നാണ് റിപ്പോർട്ട്.മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കീംഗീസ് ബാർ ആൻഡ് ഗ്രിൽ റെസ്റ്റോറന്റ്, സ്പെയർടൈം റിക്രിയേഷൻ, പേര് ഇപ്പോഴും സ്ഥിരീകരിക്കാത്ത മറ്റൊരിടം എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലാണ് വെടിവയ്പ്പ് നടന്നതെന്ന് ലെവിസ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചു.അക്രമിയുടേതെന്ന് സംശയിക്കുന്ന ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നീളൻ കൈയുള്ള ഷർട്ടും ജീൻസും ധരിച്ച് റൈഫിൾ പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയുന്നവര്‍ അറിയിക്കാന്‍ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.വെടിവെപ്പുണ്ടായ വിവരം പ്രദേശത്തെ ഗവർണറും സ്ഥിരീകരിച്ചു. വെടിവെപ്പുണ്ടായെന്നും നിയമപാലകരുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നുമായിരുന്നു ഗവർണർ ജാനറ്റ് മിൽസിന്റെ നിർദേശം. അതേസമയം ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി. വീടിനുള്ളിൽ വാതിൽ പൂട്ടിയിരിക്കാനാണ് ജനങ്ങള്‍ക്ക് പൊലീസ് നല്‍കിയ നിര്‍ദേശം.