തിരുവനന്തപുരം; നെയ്യാറ്റിന്‍കരയില്‍ വനിതാ സുഹൃത്ത് നൽകിയ പാനീയം കുടിച്ച് മരിച്ച ഷാരോണിന്റെ വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്. സംഭവം നടന്ന ദിവസം ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്ന മെസേജുകളും കാണാം. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോക്കാരനും ഇതേ പാനിയമാണ് കൊടുത്തതെന്നും അയാള്‍ക്കും അസ്വസ്ഥകൾ ഉണ്ടായതായി ബന്ധു പറഞ്ഞതായും പെണ്‍കുട്ടി ഷാരോണിനോട് പറയുന്നുണ്ട്.ഈ പെണ്‍സുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഷാരോണിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാറശാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.അതേസമയം, താന്‍ കഷായത്തില്‍ മറ്റൊന്നും ചേര്‍ത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നതാണ് അതെന്നും ഷാരോണിന്റെ സഹോദരന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു. ‘അന്ന് രാവിലെയും താന്‍ അത് കുടിച്ചതാണ്. അതിലൊന്നും കലര്‍ന്നിട്ടില്ല’, എന്ന് പറഞ്ഞ പെണ്‍കുട്ടി അന്നായിരുന്നു അവസാനമായി അത് കുടിച്ചതെന്നും പറയുന്നുണ്ട്. ‘ഷാരോണെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്. വീട്ടില്‍ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കുന്നു’ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.ഈ മാസം 14നായിരുന്നു ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. പെണ്‍കുട്ടി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനിലയിലായ ഷാരോണ്‍ ചികിത്സയിലായിരിക്കെ 25ന് മരിക്കുകയായിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി സംശയമുണ്ടെന്നും ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.