കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ച സംഭവത്തില്‍ പ്രതികരണമാവർത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മെഡിക്കൽ കോളേജിലെ കത്രികയല്ല എന്നും ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി മെഡിക്കൽ കോളേജ് സൂപ്രണ്ട് .ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ശസ്ത്രക്രിയക്ക് ശേഷം ഉപകരണങ്ങളുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആശുപത്രി സൂപ്രണ്ട് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയ സംഘം ആശുപത്രിയിലെത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടടക്കം മനുഷ്യാവകാശ കമ്മിഷന് കൈമാറുമെന്നാണ് സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്.