കണ്ണൂർ : കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മുതൽ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം നടന്നുകൊണ്ടിരിക്കുകയാണ്. 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.സതീശൻ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ച് ഇന്ന് കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുമെന്ന് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ് അറിയിച്ചു. രാവിലെ ഏഴു മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ, ഹോട്ടൽ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മസ്തിഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു സതീശൻ പാച്ചേനി ഇന്നലെയാണ് മരിച്ചത്. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസിയുടെ മുൻ പ്രസിഡന്റുമാണ്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും മത്സരിച്ചു. കെഎസ്യു സംസ്ഥാന പ്രസിന്റ് പദവും വഹിച്ചിട്ടുണ്ട്.തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടി ജയിൽശിക്ഷ അനുഭവിക്കുകയും അനവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനി ജനിച്ചത്.പാച്ചേനി സർക്കാർ എൽപി സ്കൂളിൽ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടി.അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 1977–78 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്കൂൾ വിദ്യാർഥിയായിരുന്ന പാച്ചേനിയെ കോൺഗ്രസിലേക്ക് ആകർഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്കൂൾ കാലയളവിൽ കെഎസ്‌യുവിൽ അണിചേരാൻ പ്രേരണയായി. പരിയാരം ഹൈസ്കൂൾ പഠിക്കുമ്പോൾ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്‌യു യൂണിറ്റിന്റെ പ്രസിഡ‍ന്റായി. പിന്നീട് കണ്ണൂർ പോളിടെക്നിക്കിലും കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്‌യു താലൂക്ക് സെക്രട്ടറി, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിങ്ങനെ 1999 ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വരെയായി. കമ്യൂണിസ്‌റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരൻ കെഎസ്‌യു ആയെന്നറിഞ്ഞപ്പോൾ തറവാട്ടിൽ നിന്നു പതിനാറാം വയസ്സിൽ പടിയിറക്കിയെങ്കിലും റേഷൻ കാർഡിൽ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളർന്നില്ല. കോൺഗ്രസായാൽ കയറിക്കിടക്കാൻ വീടും പഠിക്കാൻ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തിൽ നിന്നു പിൻമാറിയുമില്ല.കെഎസ്‌യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോൺഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതൽ തുടർച്ചയായ 11 വർഷം കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2016 ഡിസംബർ മുതൽ 2021 വരെ കണ്ണൂർ ഡിസിസി പ്രസിഡന്റായി. ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീടുണ്ടാക്കുന്നതിനേക്കാളേറെ കരുതലോടെ മേൽനോട്ടം വഹിച്ചു നിർമിച്ച കണ്ണൂർ ഡിസിസി ഓഫിസ് ‘കോൺഗ്രസ് ഭവൻ’ പൂർത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമ്മിന്റെ ശക്തിദുർഗമായ ജില്ലയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോൺഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേൽവിലാസവും എഴുതിച്ചേർത്താണ് സതീശൻ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത്. പാർലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാർട്ടിയിൽ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാർട്ടി പ്രവർത്തനങ്ങൾക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകൾ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോൺഗ്രസ് പ്രവർത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാർട്ടി പ്രവർത്തകർക്കിടയിൽ വേറിട്ട നേതാവാക്കിയത്.സിപിഎം കോട്ടകളിൽ വമ്പൻ എതിരാളികൾക്കെതിരെ മത്സരിച്ചായിരുന്നു സതീശൻ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങൾ. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പിൽ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാർഥിയായി കോൺഗ്രസ് നിയോഗിച്ചു. ഇരിങ്ങൽ സ്കൂളിൽ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്ഥാനാർഥിത്വം തിരഞ്ഞെടുപ്പു ഗോദയിൽ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂർ മണ്ഡലത്തിൽ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു. തളിപ്പറമ്പ് അർബൻ കോ–ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!