വയനാട്: വയനാട്ടിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. നെന്മേനി പാടി പറമ്പിലെ സ്വകാര്യതോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. പൊന്മുടി കോട്ടയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയാണിതെന്ന് സംശയമുണ്ട്. ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോർട്ടം നടത്തും. പൊന്മുടി കോട്ടയിൽ കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും 8 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിരുന്നു. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.