കോഴിക്കോട്: കിണറ്റിൽ വീണ ചെറുമകനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മൽ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ മകൻ അസീസിന്റെ മൂന്ന് വയസ്സുകാരനായ മകൻ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടി.ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികൾ കിണറ്റിൽ പൈപ്പിൽ പിടിച്ചു നിൽക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നരിക്കുനിയിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.