തൃശൂർ: യുവതിയും രണ്ടുമക്കളും കത്തിക്കരിഞ്ഞിട്ടും വീട്ടിലുണ്ടായിരുന്നവരോ അയൽക്കാരോ പോലും സംഭവം അറിഞ്ഞത് പ്രഭാത സവാരിക്കിറങ്ങിയവർ പറയുമ്പോൾ മാത്രം. തൃശ്ശൂർ എരുമപ്പെട്ടി പന്നിത്തടത്തെ ഷഫീനയുടെയും മക്കളുടെയും മരണത്തിൽ ദുരൂഹത അകലുന്നില്ല. 28കാരിയായ ഷഫീന, മകൻ മുന്നൂവയസുള്ള അജുവ, ഒന്നര വയസുള്ള അമൻ എന്നിവരെയാണ് വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന വാദമുയരുമ്പോഴും അത് സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഷഫീനയെയും മക്കളും പൊള്ളലേറ്റ് മരിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ഭർതൃമാതാവ് ഫാത്തിമയും ഷഫീനയുടെ മൂത്തമകളും ഇക്കാര്യം അറിഞ്ഞിരുന്നില്ല.തൃശൂർ കേച്ചേരി പുളിച്ചാറൻ വീട്ടിൽ ഹനീഫയുടെയും ഐഷയുടെയും മകളാണ് ഷഫീന. ഷഫീനയുടെ ഭർത്താവ് ഹാരിസ് പ്രവാസിയാണ്. ആറ് മാസം മുമ്പ് ഹാരിസ് നാട്ടിൽ വന്ന് പോയിരുന്നു. ഏഴ് വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഷഫീനയും ഹാരിസും തമ്മിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. തലേന്ന് രാത്രി വൈകിയാണ് ഇവർ ചിറമനെങ്ങാട് നടന്ന ഒരു കല്യാണചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയത്. ക്ഷീണത്തോടെയാണ് മൂന്ന് മക്കളെയും കൂട്ടി ഷഫീന ഉറങ്ങാൻ പോയത്.മൂത്തമകൾ ആയിനയെയും അജുവയേയും അമനെയും കൂട്ടി മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു ഷഫീന. ഇവർ ഒന്നിച്ചാണ് ഉറങ്ങിയത്.പുലർച്ചെ ഉണർന്ന ആയിന, ഉമ്മയെയും സഹോദരങ്ങളെയും മുറിയിൽ കാണാതായതോടെ പിതാവിന്റെ ഉമ്മ ഫാത്തിമയെ അറിയിച്ചു. ഇവർ വീടിനുള്ളിലും പുറത്തും തിരച്ചിൽ നടത്തുന്നതിനിടെയാണ് നടക്കാനിറങ്ങിയവർ വിവരം അറിയിക്കുന്നത്. സംഭവ ദിവസം ഹാരിസിന്റെ സഹോദരൻ നവാസും കുടുംബവും ചൊവ്വല്ലൂർപടിയിലെ വീട്ടിലായിരുന്നു.മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് കൂട്ട ആത്മഹത്യയാണെന്ന സംശയമുയർന്നത്. ഇതിനിടെ ഷഫീനയുടെ ഡയറി കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആത്മഹത്യയാണെന്നാണ് കരുതുന്നതെന്നും ഷഫീന മാനസിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്. എന്നാൽ ആത്മഹത്യയാണോ എന്നതടക്കമുള്ള സംശയങ്ങളിൽ ഉത്തരം പറയാറായിട്ടില്ലെന്ന് എരുമപ്പെട്ടി പൊലീസ് വ്യക്തമാക്കി. ഡയറിയും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.ഞായറാഴ്ച രാവിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥരും ഫൊറെൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഞായറാഴ്ച വൈകിട്ട് തന്നെ കബറടക്കി. ഹാരിസ് വിദേശത്ത് നിന്ന് എത്തിയ ശേഷമായിരുന്നു ചടങ്ങുകൾ. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മരണവുമായി ബന്ധപ്പെട്ട് മറ്റെന്തിലും വിവരം ലഭിക്കുമോയെന്നാണ് ബന്ധുക്കളും നാട്ടുകാരും ഉറ്റുനോക്കുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!