തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയുടെയും രണ്ടു മക്കളുടെയും മരണം അറിഞ്ഞ ഞെട്ടലിലാണ് നാട്. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പില്‍ വീട്ടില്‍ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ(മൂന്ന്) അമന്‍ (ഒന്നര) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേട്ടാണ് ഞായറാഴ്ച രാവിലെ പന്നിത്തടം ഉറക്കമുണര്‍ന്നത്. ഇതോടെ മരണവീട്ടിലേക്ക് ജനപ്രവാഹമായിരുന്നു.ഇരുനില വീടിന്റെ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞനിലയിലാണ് സഫീനയുടെയും പിഞ്ചുമക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് മണ്ണെണ്ണ കുപ്പികളും ഇവ സൂക്ഷിച്ചിരുന്ന കവറും കണ്ടെടുത്തിട്ടുണ്ട്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.സഫീനയുടെ ഭര്‍ത്താവ് ഹാരിസ് വിദേശത്താണ്. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളാണുള്ളത്. ഹാരിസിന്റെ വിദേശത്തുള്ള സഹോദരന്റെ കുടുംബവും ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സഫീനയും മൂന്നുമക്കളും ഹാരിസിന്റെ മാതാവും മാത്രമാണ് കഴിഞ്ഞദിവസം വീട്ടിലുണ്ടായിരുന്നത്.ബന്ധുവീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുത്ത് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് ഭര്‍തൃമാതാവ് താഴത്തെ നിലയിലെ മുറിയിലേക്കും സഫീനയും മൂന്ന് കുട്ടികളും മുകള്‍നിലയിലെ മുറിയിലേക്കും ഉറങ്ങാന്‍പോയി. ഞായറാഴ്ച പുലര്‍ച്ചെ മുറിയില്‍ ഉമ്മയെയും സഹോദരങ്ങളെയും കാണാതായതോടെ ആറുവയസ്സുള്ള മൂത്തമകള്‍ താഴത്തെ നിലയിലേക്ക് ഇറങ്ങിവന്ന് വിവരമറിയിക്കുകയായിരുന്നു. കിടപ്പുമുറിയില്‍ ഫാനും ലൈറ്റും ഓണ്‍ചെയ്തനിലയിലായിരുന്നു. തുടര്‍ന്ന് മുകള്‍നിലയില്‍ എത്തി പരിശോധിച്ചതോടെയാണ് മുറിയോട് ചേര്‍ന്നുള്ള ബാല്‍ക്കണിയില്‍ മൂവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. തൃശ്ശൂര്‍ കേച്ചേരി തൂവാനൂര്‍ പുളിച്ചാറന്‍ വീട്ടില്‍ ഹനീഫയുടേയും ഐഷയുടേയും മകളാണ് സഫീന. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.