മലയാളത്തിലെ പ്രണയ ഗാനങ്ങളിൽ വ്യത്യസ്തത നിറക്കാൻ കഴിഞ്ഞ ഗായകനാണ് നിശബ്ദനായിരിക്കുന്നത്., അദ്ദേഹം ജീവൻ നൽകിയ പ്രണയഗാനങ്ങൾ പാടാത്ത മലയാളികൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല. കാലാതീതമായി നിലകൊള്ളുന്ന പ്രണയഗാനങ്ങൾ പി ജയചന്ദ്രൻ പാടിയത് മലയാളികളുടെ ഹൃദയത്തിലിരുന്നായിരുന്നു. അഞ്ചു പതിറ്റാണ്ടിലേറെയായി വിവിധ തലങ്ങളിലുള്ള പ്രണയഗാനങ്ങൾ മലയാളികളെ പാടിക്കേൾപ്പിച്ച, ഏറ്റുപാടിച്ച, ഹൃദയത്തിൽ പ്രണയത്തിനൊപ്പം പാട്ടും സൂക്ഷിക്കാൻ പഠിപ്പിച്ച അസാധാരണ പ്രതിഭയാണ് വിട പറഞ്ഞിരിക്കുന്നത്.നർമബോധവും അനുകരണശീലവും അഭിനയസിദ്ധിയും പി ജയചന്ദ്രന് വേണ്ടുവോളം ലഭിച്ചിരുന്നു. ചാക്യാന്മാരെയും കഥകളി നടന്മാരെയും മേളപ്രമാണിമാരെയും ബന്ധുക്കളെയും സംഗീതഗുരുക്കന്മാരെയുമെല്ലാം വളരെ നന്നായി അനുകരിക്കാൻ അസാധാരണ വൈഭവമുണ്ടായിരുന്ന പി ജയചന്ദ്രൻ പക്ഷേ പാട്ടിൽ ഒരാളെയും അനുകരിക്കാൻ തയ്യാറായിരുന്നില്ല. ഇഷ്ടഗായകനായ മുഹമ്മദ് റഫിയുടെയും പി. സുശീലയുടെയും ഗാനഗന്ധർവൻ യേശുദാസിന്റെയും ഗാനങ്ങൾ പോലും പി ജയചന്ദ്രൻ പാടിയിരുന്നത് സ്വന്തം ശബ്ദത്തിൽ തന്നെയായിരുന്നു.ശാസ്ത്രീയമായി സംഗീതമഭ്യസിക്കാത്ത ഗായകനാണ് പി ജയചന്ദ്രൻ. പക്ഷേ, ഒരിക്കൽ പോലും സംഗീതത്തിന്റെ ശാസ്ത്രമറിയാത്ത ആളാണെന്ന് പി ജയചന്ദ്രനെ കുറിച്ച് ആരും പറയാൻ അദ്ദേഹം ഇടവരുത്തിയിട്ടില്ല. 1958-ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യേശുദാസ് ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ ജയചന്ദ്രന് മൃദംഗത്തിലായിരുന്നു ഒന്നാം സ്ഥാനം. എന്നാൽ, പിന്നീട് സംഗീതത്തിൽ വിസ്മയം തീർക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.1944 മാർച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി. 1966-ൽ ചെന്നൈയിൽ പ്യാരി കമ്പനിയിൽ കെമിസ്റ്റായി.അതേവർഷം കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്‌കരൻ-ചിദംബരനാഥ് ടീമിന്റെ ഗാനമാണ് ആദ്യമായി പാടിയതെങ്കിലും കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. ആ ഒരൊറ്റ ഗാനത്തോടെ ജയചന്ദ്രന് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഹൃദയഹാരിയായ നിരവധി ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ മനസുകളിൽ കുടിയേറിയ ജയചന്ദ്രനെ മലയാളികൾ ഭാവഗായകനായി ഹൃദയത്തിൽ ഏറ്റെടുത്തു. ചിദംബരനാഥിൽ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീതസംവിധായകരുടെയും ഗാനങ്ങൾ ആലപിക്കാൻ ഭാഗ്യമുണ്ടായി. പി.ഭാസ്‌കരനും വയലാറും മുതൽ പുതിയതലമുറയിലെ ബി.കെ ഹരിനാരായണൻ വരെയുള്ള കവികളുടെ വരികൾക്ക് ആ ശബ്ദത്തിലൂടെ ജീവൻതുടിച്ചു.ഉദ്യോഗസ്ഥയിലെ അനുരാഗ ഗാനം പോലെ, സി.ഐ.ഡി നസീറിലെ നിൻ മണിയറയിലെ, പ്രേതങ്ങളുടെ താഴ് വരയിലെ മലയാള ഭാഷതൻ മാദകഭംഗി, ഉമ്മാച്ചുവിലെ ഏകാന്ത പഥികൻ ഞാൻ, മായയിലെ സന്ധ്യക്കെന്തിന് സിന്തൂരം, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിലെ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു അങ്ങനെ മലയാളികൾ ഒരിക്കലും മറക്കാത്ത നൂറുകണക്കിന് ഗാനങ്ങൾ ജയചന്ദ്രന്റെ സ്വരമാധുരിയിൽ പുറത്തുവന്നു. വിവിധ തലങ്ങളിലെ മനുഷ്യരുടെ പ്രണയം അതേ വികാരവായ്പോടെ നാദധാരയാക്കാൻ പി ജയചന്ദ്രന് കഴിഞ്ഞിരുന്നു. ഓലഞ്ഞാലിക്കുരുവി ഇളം കാറ്റിലാടി വരൂ നീ… എന്ന് ആ ഗാനം ആരംഭിക്കുമ്പോൾ പി. ജയചന്ദ്രൻ എന്ന ഗായകന്റെ ശബ്ദത്തിലെ പ്രണയഭാവത്തിന് കൗമാരത്തിന്റെ കൗതുകമാണ്. യൗവനത്തിന്റെ സ്വപ്ന ലോകത്തിരുന്ന് പ്രേമിക്കുമ്പോൾ നീയും ഞാനും എന്നു പാടാനും,ശിശിരകാലമേഘമിഥുനരതിപരാഗമോ എന്ന് പാടി ശ്രോതാക്കളെ സ്വർഗീയ പ്രണയത്തിന്റെ പരിശുദ്ധിയിൽ ആറാടിക്കാനും പി ജയചന്ദ്രന് കഴിഞ്ഞു.