കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം ഒരാഴ്ച കൂടി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മൂത്ത മകൻ എം.എൽ സജീവനും മകൾ സുജാതയും എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സാവകാശം തേടി.ഇതോടെയാണ് മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് നേരത്തെ ഉണ്ടായ ഇടക്കാല ഉത്തരവ് ഒരാഴ്ച കൂടി നീട്ടിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടുമൊരു ഹിയറിങ് നടത്താനുള്ള സാധ്യത കോടതി സർക്കാരിനോട് ആരാഞ്ഞിരുന്നു.കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പളിന്റെ നേതൃത്വത്തിൽ നടന്ന ഹിയറങ്ങ് നിയമപരമല്ലെന്ന് ചൂണ്ടികാട്ടിയാണ് ആശ കോടതിയെ സമീപിച്ചത്. മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന് എം എം ലോറൻസ് നിർദേശിച്ചിരുന്നതായി മകൻ സജീവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മറ്റൊരു മകളായ സുജാത ഇതിനുളള സമ്മതം മെഡിക്കൽ കോളജ് നടത്തിയ ഹിയറങ്ങിൽ പിൻവലിച്ചെന്നാണ് ആശ കോടതിയെ അറിയിച്ചത്.സെപ്റ്റംബർ 21നാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം ലോറൻസ് കൊച്ചിയിൽ അന്തരിച്ചത്. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.എംഎം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെ മകൾ രംഗത്തു വരികയും മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗൺഹാളിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി.ഇതിനിടെ, മകളുടെ മകനും രം​ഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോ​ഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്. തുടർന്നാണ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ കോടതിയെ സമീപിച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!