കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ വട്ട്യാറ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ച സംഭവത്തിൽ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. ചെടിക്കുളം സ്വദേശി ജോബിനാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുകയോ സംഭവം മറ്റുള്ളവരോട് പറയാൻ തയാറാവുകയോ ചെയ്യാതിരുന്ന സുഹൃത്തുക്കളായ കെ കെ സക്കറിയ, പി കെ സാജിർ, എ കെ സജീർ എന്നിവരാണ് പിടിയിലായത്.സെപ്തംബർ അഞ്ചിനായിരുന്നു സംഭവം. സുഹൃത്തുക്കളായ സക്കറിയ, സാജിർ, സജീർ എന്നിവർക്കൊപ്പമാണ് ജോബിൻ വട്ട്യാറ പുഴയിൽ കുളിക്കാനായി പോയത്. മൂവരും കുളിക്കുന്നതിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെടുന്നത്. ഇതോടെ സുഹൃത്തുക്കൾ സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. ജോബിനെ രക്ഷിക്കാൻ ശ്രമിക്കുകയോ അപകടത്തെക്കുറിച്ച് മറ്റാരോടും പറയുകയോ ചെയ്തില്ല. ഉച്ചക്ക് വീട്ടിൽ നിന്നിറങ്ങിയ ജോബിൻ രാത്രി വൈകിയും തിരിച്ചെത്താതായതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി.പുഴക്കരയിൽ ജോബിന്റെ വസ്ത്രങ്ങൾ അഴിച്ചുവെച്ച നിലയിൽ കണ്ടെത്തി. ഒഴുക്കിൽപ്പെട്ടതാകാമെന്ന സംശയം തോന്നിയതിനാൽ പിറ്റേന്ന് രാവിലെ തെരച്ചിൽ തുടങ്ങി. സെപ്തംബർ ഏഴിനാണ് സമീപത്തെ കടവിൽ നിന്നും ജോബിന്റെ മൃതദേഹം കിട്ടുന്നത്. മരണത്തിൽ സംശയം ഉണ്ടെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് വീണ്ടും അന്വേഷണം നടത്തിയത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നുകളഞ്ഞതിനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനും മനഃപൂർവം അല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.