തിരുവനന്തപുരം: ബസ് കഴുകാൻ ആളെ കിട്ടാത്തതിനെ തുടർന്ന് പുതിയ തീരുമാനവുമായി കെഎസ്ആർടിസി. ഓർഡിനറി ബസ്സുകൾ മാസത്തിൽ ഒരിക്കൽ പൂർണമായും കഴുകിയാൽ മതിയെന്ന് ആണ് പുതിയ തീരുമാനം. മറ്റ് ദിവസങ്ങളിൽ ബ്രഷ് ഉപയോഗിച്ച് ഉൾവശം വൃത്തിയാക്കും. അതേസമയം ഓർഡിനറി ബസ് കഴുകാനുള്ള പ്രതിഫലം ഉയർത്തിയിട്ടുണ്ട്. ഓർഡിനറി ബസ് കഴുകാനുള്ള പ്രതിഫലം 70 രൂപയാക്കി. മുൻപ് 50 രൂപയാണ് നൽകിയിരുന്നത്. ബ്രഷ് ഉപയോഗിച്ച് തുടയ്ക്കാൻ 15 രൂപയാണ്.98 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഇലക്ട്രിക് ബസുകളും ശേഷിക്കുന്ന ലോ ഫ്ലോർ ബസ്സുകളും മാസത്തിൽ ഒരു തവണയെ പൂർണമായി കഴുകയുള്ളൂ. ഓർഡിനറി, ജൻറം, ഇലക്ട്രിക് ബസുകളുടെ പുറംഭാഗം രണ്ട് ദിവസത്തിലൊരിക്കൽ കഴുകാൻ നിർദ്ദേശമുണ്ട്. എന്നാൽ ഉൾവശം കഴുകൽ ഇനി മാസത്തിൽ ഒരു തവണ മാത്രമായിരിക്കും.എ സി, വോൾവോ – സ്കാനിയ, സൂപ്പർ ഡീലക്സ്, എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നിവ മാത്രമാണ് യാത്രകൾക്ക് ശേഷം പൂർണമായും വൃത്തിയാക്കുന്നത്. സൂപ്പർ ഫാസ്റ്റ് പാസഞ്ചറുകൾ ദിവസവും പുറംഭാഗം മാത്രമാകും കഴുകുക. അകം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാനാണ് നിർദ്ദേശം. സീറ്റുകളും ഉൾവശവും വൃത്തിയാക്കുന്നത് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ്.ബസ് കഴുകാൻ യന്ത്ര സംവിധാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടപ്പായില്ല. താത്ക്കാലിക ജീവനക്കാരാണ് ഡിപ്പോകളിൽ ബസ് കഴുകുന്നത്. ബസുകൾ വൃത്തിയാക്കാൻ ഷെഡ്യൂൾ ഉണ്ടെങ്കിലും അഴുക്ക് നിറഞ്ഞാൽ ആളെ നിയോഗിച്ച് വൃത്തിയാക്കാറുണ്ട്എന്ന് അധികൃതർ പറയുന്നു.