കൊച്ചി: നടിയുടെ പരാതിയിൽ പീഡന ആരോപണത്തിൽപെട്ട കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു. തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.മുൻകൂർ ജാമ്യ ഹരജിയുമായി ചന്ദ്രശേഖരൻ കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അടുത്ത തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിർദേശം.വി.എസ് ചന്ദ്രശേഖരൻ ഉൾപ്പെടെ 7 പേർക്കെതിരെ നടിയുടെ പീഡന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കെ.പി.സി.സി യുടെ നിയമസഹായ സെല്ലിന്റെ അധ്യക്ഷനും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എസ് ചന്ദ്രശേഖരൻ ആരോപണങ്ങളുയർന്നതിനു പിന്നാലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.