തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ ഉണ്ടായിരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു. എന്നാൽ മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചില ഭാഗങ്ങൾ ഒഴിവാക്കി ആയിരുന്നു റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ഇപ്പോൾ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദേശീയ വനിത കമ്മീഷൻ. ആവശ്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആർ ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മലയാള സിനിമ പുറത്തുനിന്ന് കാണുന്നത് പോലെ അല്ലെന്നും അവിടെ നടക്കുന്നത് വലിയ സ്ത്രീ വിരുദ്ധത ആണെന്നും ആണ് റിപ്പോർട്ട് പുറത്തുവന്നതോടെ സാധാരണക്കാർക്ക് മനസിലായത്. പുരുഷന്മാരും കമ്മിറ്റിയ്ക്ക് മുൻപാകെ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ പരാതി നൽകാത്തവരും വെളിപ്പെടുത്തലുമായി എത്തിയിരുന്നു.മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ചില ഭാഗങ്ങൾ ഒഴിവാക്കാനും ആരുടെയും പേര് പരാമർശിക്കാതെ റിപ്പോർട്ട് പുറത്തുവിടാനും വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം അവസാന നിമിഷം വരെയും ഹൈക്കോടതിയിൽ ഉൾപ്പെടെ നടന്നിരുന്നു. ഇതിനൊടുവിലാണ് നിർണായക ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യമാക്കിയത്.റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നതോടെ ഗുരുതര ആരോപണങ്ങളുമായി ജൂനിയർ നടിമാരും വനിതാ അണിയറ പ്രവർത്തകരും രംഗത്തെത്തി. മലയാള ചലച്ചിത്രമേഖലയിൽ ഇതുവരെ ഉണ്ടാകാത്ത തരത്തിലുളള കോളിളക്കമാണ് റിപ്പോർട്ട് ഉയർത്തിവിട്ടത്. സിപിഎം സഹയാത്രികനായ സംവിധായകൻ രഞ്ജിത്ത്, നടനും സിപിഎം എംഎൽഎയുമായ മുകേഷ് എന്നിവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. ഇതിൽ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തു.ഷൂട്ടിംഗിന് വേണ്ടി വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്ന് ഉൾപ്പെടെ രഞ്ജിത്തിനെതിരെ ബംഗാളി നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവച്ചിരുന്നു. സത്യാവസ്ഥ പുറത്തുവരണമെന്നും ഇരയാക്കപ്പെട്ട സ്ത്രീകളുടെ എല്ലാവിധ സ്വകാര്യതയും സംരക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.നിലവിൽ നടപടിയെടുക്കുന്നത് മറ്റ് പല സംഭവങ്ങളുടെയും ആരോപണങ്ങളുടെയും പേരിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ധൈര്യം കിട്ടിയ ചില ജൂനിയർ ആർട്ടിസ്റ്റുകളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളള പേരുകളിൽ ഇതുവരെ നടപടികൾ എടുത്തിട്ടില്ലെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുകളാണ് പറഞ്ഞിട്ടുളളതെന്നും അവർക്ക് എന്താണ് സർക്കാരുമായി ബന്ധമെന്നും പൊതുസമൂഹം അറിയണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു. ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവർക്കാണ് നിവേദനം നൽകിയിരുന്നത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!