മാവൂര്‍(കോഴിക്കോട്): കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡനത്തിന് ഇരാക്കിയ പ്രതി മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 15-കാരനെ പീഡിപ്പിച്ച കേസില്‍ ഇയാളെ ഇന്നലെ പോലീസ് പ്രതിചേര്‍ത്തു. പരാതിയില്‍ പോക്‌സോ വകുപ്പുചുമത്തി കേസെടുത്ത പോലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാന്‍ കുട്ടിയെ മജിസ്‌ട്രേറ്റിനുമുമ്പാകെ ഹാജരാക്കിയിരുന്നു.പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനായി സംസ്ഥാനത്തൊട്ടാകെ സംഘടിപ്പിച്ച മോക്ഡ്രില്ലിന്റെ ഭാഗമായി കോഴിക്കോട് നടത്തിയ മോക്ഡ്രില്ലിന് ശേഷമാണ് പീഡനം നടന്നത്. മൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷമാണ് സി.പി.എം. മാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരനും ആംബുലന്‍സ് ഡ്രൈവറുംകൂടിയായ പതിനഞ്ചാം വാര്‍ഡ് അംഗം കെ. ഉണ്ണികൃഷ്ണനെ പ്രതിചേര്‍ത്തത്. ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് കാറില്‍വെച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിക്ക് ഇയാളെ മുന്‍പരിചയമില്ലാത്തതിനാല്‍ കേസില്‍ പേര് രേഖപ്പെടുത്തിയിരുന്നില്ല.പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ടത് ഗ്രാമപ്പഞ്ചായത്ത് അംഗമാണെന്ന് വ്യക്തമായതോടെയാണ് പ്രതിചേര്‍ത്തത്. ഇയാളെ അന്വേഷിച്ച് ശനിയാഴ്ച പോലീസ് വീട്ടില്‍ പോയിരുന്നു. പ്രതി ഒളിവിലായതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മാവൂര്‍ സി.ഐ. കെ. വിനോദനാണ് കേസന്വേഷിക്കുന്നത്.