കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതി ആത്മഹത്യ ചെയ്തത് ലിവിംഗ് ടുഗദർ പങ്കാളിയുടെ മർദ്ദനം സഹിക്കവയ്യാതെയെന്ന് റിപ്പോർട്ട്. പത്തനംതിട്ട കോന്നി സ്വദേശി ചന്ദ്രിക (44) ഈ മാസം 27നാണ് കുന്നത്തൂരിലെ വീട്ടിൽ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ജീവിത പങ്കാളിയായ കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ അജയസദനത്തിൽ വിജയൻപിള്ളയെ (42) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ വർഷങ്ങളായി ഒരുമിച്ചായിരുന്നു താമസം.ന്യൂഡൽഹിയിൽ വെച്ചാണ് വിജയൻപിള്ള ചന്ദ്രികയെ പരിചയപ്പെടുന്നതും ഒപ്പം താമസമാക്കുന്നതും. വസ്ത്രശാലയിൽ ജോലി നോക്കിയിരുന്ന ചന്ദ്രികയുമായി അടുപ്പത്തിലായ വിജയൻപിള്ള അവർക്കൊപ്പം അവിടെ 10 വർഷമായി താമസിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. 5 വർഷം മുൻപാണ് ഇരുവരും നാട്ടിലെത്തിയത്.നിയമപരമായി ഇവർ വിവാഹം കഴിച്ചിട്ടില്ലെന്നും സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ ചന്ദ്രികയെ മർദിക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലോട്ടറി വിൽപന നടത്തിവരികയായിരുന്നു ചന്ദ്രിക. വിജയൻപിള്ളയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ എ.അനൂപ്, എസ്ഐ എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.