തിരുവനന്തപുരം: വര്‍ക്കലയില്‍ 17-കാരിയായ സംഗീതയെ ഗോപു കഴുത്തറുത്ത് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ.. പ്രണയബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതിനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയായ പള്ളിക്കല്‍ സ്വദേശി ഗോപു(20) കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി. ഡി.ശില്പ വ്യക്തമാക്കി.പെണ്‍കുട്ടിയുടെ കഴുത്തറത്തശേഷം സ്‌കൂട്ടറില്‍തന്നെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഗീതയുടെ മൊബൈല്‍ഫോണും കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തതോടെയാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത്. സംഗീതയുടെ ഫോണ്‍ വീട്ടുകാര്‍ അണ്‍ലോക്ക് ചെയ്ത് നല്‍കിയതോടെ പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടി. തുടര്‍ന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി സംഗീത(17)യെ വീടിന് സമീപത്തുവെച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി ഗോപുവിനെ മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഗോപുവും സംഗീതയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. സമീപകാലത്ത് ഈ ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ബന്ധം തുടരേണ്ടതില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും ആവശ്യപ്പെട്ടു. ഇതോടെ സംഗീത ബന്ധത്തില്‍നിന്ന് പിന്മാറിയെങ്കിലും ഗോപു ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, തന്നെ ഒഴിവാക്കി സംഗീത മറ്റൊരാളുമായി അടുപ്പത്തിലാവുകയാണെന്നും പ്രതി സംശയിച്ചു. ഇതാണ് ആസൂത്രിതമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.ബന്ധത്തില്‍നിന്ന് പിന്മാറിയ സംഗീതയുമായി ‘അഖില്‍’ എന്ന വ്യാജ ഐ.ഡി.യിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. പുതിയ സിംകാര്‍ഡ് അടക്കം സ്വന്തമാക്കിയാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐ.ഡി. നിര്‍മിച്ചത്. ഈ ഐ.ഡി.യിലൂടെ സംഗീതയുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കി. അഖില്‍ എന്ന ഐ.ഡിയില്‍നിന്നുതന്നെയാണ് പ്രതി പുലര്‍ച്ചെ ഒന്നരയോടെ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയത്. സഹോദരിക്കൊപ്പം മുറിയില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടി ഇതനുസരിച്ച് വീടിന് പുറത്തിറങ്ങി നൂറൂമീററ്റോളം അകലെയുള്ള റോഡിന് സമീപത്തെത്തി. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. ഇതോടെ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് പ്രതി ആക്രമണം നടത്തുകയായിരുന്നു.ചോരയില്‍ പിടഞ്ഞ് സംഗീതഗോപു കഴുത്തറത്തതിന് പിന്നാലെ സംഗീത പ്രാണരക്ഷാര്‍ഥം വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. പെണ്‍കുട്ടി വീടിന്റെ കതകില്‍ മുട്ടിയപ്പോളാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.കതകില്‍ ഇടിയ്ക്കുന്ന ശബ്ദം കേട്ട് അച്ഛന്‍ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ സംഗീതയുടെ കൈയാണ് കണ്ടത്. ഒന്നും മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയില്‍കുളിച്ച നിലയില്‍ മകള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നതായിരുന്നു അച്ഛന്‍ കണ്ട കാഴ്ച. കെട്ടിപ്പിടിച്ചു കൊണ്ട് എന്തുപറ്റി മോളെയെന്ന് ചോദിച്ചപ്പോള്‍ മകള്‍ പിടയുകയായിരുന്നുവെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.സംഗീതയുടെ വീട്ടില്‍നിന്ന് സമീപത്തെ റോഡിലേക്ക് ഏകദേശം നൂറുമീറ്ററോളം ദൂരമുണ്ട്. ഈ വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ചോരപുരണ്ട കൈപ്പാടുകളും കണ്ടെത്തിയിരുന്നു.