തിരുവനന്തപുരം: ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. 108 ആംബുലൻസ് ജീവനക്കാരുടെ അടിക്കടിയുള്ള സമരം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. തുടരെ തുടരെയുള്ള ജീവനക്കാരുടെ സമരം മോശമായി ബാധിക്കുന്നത് സാധാരണക്കാരെയാണ്.ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് ഇത് സംബന്ധിച്ച് പരാതി നൽകിയ അനീഷ് മണിയൻ ആവശ്യപ്പെട്ടു. അധിക്യതർ മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം സമരങ്ങൾ നടത്തുന്നത്. 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തുന്നത് കാരണം വൻതുക മുടക്കി സ്വകാര്യ ആബുലൻസ് വിളിക്കേണ്ടി വരുമെന്നും പരാതിക്കാരൻ പറഞ്ഞു.അതേസമയം എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം നാളെ മുതൽ പണിമുടക്കിലേക്ക് നീങ്ങുകയാണ്. സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഫണ്ട് നൽകിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം നൽകാൻ കരാർ കമ്പനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.