അടൂര്‍: കിണറ്റില്‍ ചാടിയെന്ന് തെറ്റിദ്ധരിപ്പിക്കാൻ കിണറ്റിൽ കല്ലിട്ട് അഗ്നി രക്ഷാ സേനയെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്. കൊടുമണ്‍ ചിരണിക്കല്‍ പ്ലാന്തോട്ടത്തില്‍ ജോസ്(41) കിണറ്റില്‍ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി അടൂരില്‍ നിന്നുംഅഗ്നി രക്ഷാ സേനയുടെ ടീം ഓടിയെത്തിയത്. രാത്രി മൂന്നു മണിക്കൂറോളം ആനി ഇവർ കിണറ്റിൽ പരിശോധന നടത്തിയത്. ഏകദേശം 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പാതാള കരണ്ടി ഉപയോഗിച്ച് പരിശോധന നടത്തുകയും നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റില്‍ മുങ്ങി പരിശോധിച്ചിട്ടും ആളെ കണ്ടെത്താനായില്ല. മൂന്നു മണിക്കൂറോളം തെരച്ചില്‍ നടത്തി അവര്‍ തിരികെ പോയി.രാത്രി പതിനൊന്നോടെ വീട്ടില്‍ നിന്നും ജോസ് പുറത്തിറങ്ങുകയും തുടര്‍ന്ന് കിണറ്റില്‍ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്. രാത്രി പത്തോടെ വീട്ടില്‍ വഴക്ക് നടന്നിരുന്നതായും പറയുന്നു. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ സമീപത്ത് വീണ്ടും തെരഞ്ഞപ്പോള്‍ തൊട്ടടുത്ത ആള്‍ താമസമില്ലാത്ത വീടിന്റെ തിണ്ണയില്‍ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിനു പുറത്തിറങ്ങിയപ്പോള്‍ കിണറ്റില്‍ ചാടിയെന്ന് ധരിപ്പിക്കാന്‍ വലിയ കല്ല് കിണറ്റില്‍ ഇട്ടശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അടൂര്‍ സ്റ്റേഷനില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷിബു, ശ്രീജിത്ത്, സുജിത്ത്, ദീപേഷ്, റെജി, വേണുഗോപാല്‍ നേതൃത്വത്തിലായിരുന്നു തെരച്ചില്‍.