തിരുവനന്തപുരം: കാമുകിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രാജേഷ് പൂജപ്പുര ജില്ലായ ജയിലിൽ തൂങ്ങിമരിച്ച വാർത്തക്ക് പിന്നാലെ പുറത്തുവരുന്നത് ദുരന്തപര്യവസായിയായ ഒരു കൗമാര പ്രണയത്തിന്റെ ആന്റി ക്ലൈമാക്സാണ്. ആത്മഹത്യ ചെയ്ത രാജേഷും കൊല്ലപ്പെട്ട സിന്ധുവും കുട്ടിക്കാലം മുതൽ തന്നെ അടുപ്പത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും വെവ്വേറെ വിവാഹം കഴിച്ചു. ഒടുവിൽ, കാമുകിയെ ഭർത്താവ് ഉപേക്ഷിച്ചതോടെ രാജേഷ്, ഭാര്യയെ ഉപേക്ഷിച്ച് കാമുകിക്കൊപ്പം ജീവിതം ആരംഭിക്കുകയായിരുന്നു. കുട്ടിക്കാലത്ത് ആരംഭിച്ച പ്രണയത്തിന് ശുഭപര്യവസാനം എന്നാണ് രാജേഷ് കരുതിയിരുന്നതെങ്കിൽ, കാലം കാത്തുവെച്ചത് മറ്റൊരു അവസാനമായിരുന്നു.പത്തനാപുരം സ്വദേശിനിയായിരുന്നു രാജേഷിന്റെ അമ്മ. ഇവർക്ക് പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ ജോലി കിട്ടിയതോടെ ഈ കുടുംബം നന്ദിയോട് എത്തിപ്പെടുകയായിരുന്നു. നന്ദിയോട്ടെ പാണ്ഡ്യൻ പാറയിലെ ഇൻസ്റ്റിറ്റ്യൂട്ട് ക്വാർട്ടേഴ്‌സിലായിരുന്നു രാജേഷിന്റെ ബാല്യകാലം. ഇവരുടെ അയൽവാസികളായിരുന്നു കൊല്ലപ്പെട്ട സിന്ധുവിന്റെ കുടുംബം. ബാല്യകാലത്തു തന്നെ അയൽവാസിയായ സിന്ധുവുമായി രാജേഷ് സൗഹൃദത്തിലായി. സൗഹ്യദം പിന്നീട് പ്രണയമായി വളർന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പ് അവരുടെ പ്രണയത്തിന് പ്രതിബന്ധമായി. ഒരു ഘട്ടത്തിൽ ഒളിച്ചോടാൻ പോലും ഇരുവരും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇരു വീട്ടുകാരും തമ്മിലുള്ള ബന്ധം വഷളാവാതിരിക്കാൻ വേണ്ടന്ന് വെച്ചു.രാജേഷിന്റെ വീട്ടുകാർ എതിർപ്പുയർത്തിയതോടെ സിന്ധു വേറെ വിവാഹം കഴിച്ചു. പിന്നീട് രാജേഷും വിവാഹിതനായി. ഇതിനിടെ കുഞ്ഞ് ജനിച്ച ശേഷം സിന്ധുവിനെ ഉപേക്ഷിച്ച് ഭർത്താവ് പോയി. ഇതോടെ ജീവിതം തന്നെ വഴിമുട്ടിയ സിന്ധുവിനെ സഹായിക്കാൻ രാജേഷ് ഒപ്പം കൂടി. ഇത് കുടുംബ പ്രശ്‌നമാകുകയും രാജേഷിന്റെ ഭാര്യ പിണങ്ങി പോകുകയും ചെയ്തു. ഇതോടെ രാജേഷ് വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ സിന്ധുവിനൊപ്പം കൂടി. അങ്ങനെ ഭാര്യയേയും കുടുംബത്തേയും ഉപേക്ഷിച്ച രാജേഷ് പഴയ കാമുകിയുടെ രക്ഷകനായി മാറി. കിളിമാനൂരിലെ ജ്യൂസ് കടയ്ക്ക് പുറമെ നന്ദിയോട്ട് സിന്ധുവിനായും രാജേഷ് ജ്യൂസ് കട ആരംഭിച്ചു. ഇതിനിടയിലാണ് സിന്ധുവിന്റെ മകളുടെ വിവാഹം നടക്കുന്നത്.അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയ രാജേഷിന് സാമ്പത്തിക ബാധ്യത വന്നു ചേർന്നതായി അയാൾ പൊലീസിനോടു സമ്മതിച്ചിരുന്നു. ഇതിന് ശേഷം സിന്ധു രാജേഷ് പറയുന്നത് കേൾക്കാതെ ആയി. മകൾ പറയും പോലെ പ്രവർത്തിച്ചു തുടങ്ങി. ഇത് രാജേഷിനെ ദേഷ്യം പിടിപ്പിച്ചു. അവിടെ തുടങ്ങിയ തർക്കവും ഭിന്നതയുമാണ് രാജേഷിൽ നിന്നും അകലാൻ സിന്ധുവിനെ പ്രേരിപ്പിച്ചത്. ഇതിനിടെ രാജേഷ് പല തവണ സിന്ധുവിനെ മർദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിരുന്നു. രാജേഷിന്റെ ഇടപെടൽ മോശമായപ്പോൾ മരണഭീതിയെ തുടർന്നാണ് സിന്ധു പെരിങ്ങമലയിലെ സഹോദരിയുടെ വീട്ടിൽ അഭയം തേടിയതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴിയിലുണ്ട്.നിയമപരമായി വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കഴിഞ്ഞിരുന്ന രാജേഷും സിന്ധുവും തമ്മിലുള്ള പ്രശ്‌നം നന്ദിയോട്ടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ മുന്നിൽ എത്തുന്നത് ഒന്നര മാസം മുൻപാണ്. പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷയായ ജാഗ്രത സമിതിക്ക് മുന്നിൽ രാജേഷ് തന്നെയാണ് പരാതിയുമായി എത്തിയത്. മകളെ വിവാഹം കഴിച്ച് അയച്ച ശേഷം സിന്ധു തന്നിൽ നിന്നും അകന്നു. വിവാഹം നടത്തിയതിൽ തനിക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. താൻ താലി കെട്ടിയ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സിന്ധുവിനൊപ്പം താമസം തുടങ്ങിയത്. ബഹുമാനപ്പെട്ട പ്രസിഡന്റ് ഇടപെട്ട് തങ്ങളെ ഒരുമിപ്പിച്ച് ഒന്നിച്ചു ജീവിക്കാൻ വിടണം. ഇതായിരുന്നു പരാതിയുടെ ഉള്ളടക്കം.പരാതി പരിഗണിച്ച പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിനെയും രാജേഷിനെയും പഞ്ചായത്ത് ആഫീസിൽ വിളിച്ചു വരുത്തി. സിന്ധു വിവാഹം കഴിഞ്ഞ് പോയ മകൾക്ക് ഒപ്പമാണ് ജാഗ്രത സമിതിക്ക് മുൻപാകെ എത്തിയത്. പ്രസിഡന്റിന് മുന്നിൽ രാജേഷ് സാമ്പത്തിക ബാധ്യതയുടെ കെട്ടഴിച്ചു. മകളുടെ വിവാഹം നടത്തിയതിലെ ബാധ്യതയാണന്നും പറഞ്ഞു. എന്നാൽ ബാധ്യത താൻ വീട്ടുമെന്നും എന്നാലും രാജേഷിനൊപ്പം ജീവിക്കാനില്ലന്ന് സിന്ധു കട്ടായം പറഞ്ഞു. ഇതോടെ നിന്റെ മുഖദാവിൽ നിന്ന് ഇത് കേൾക്കാനാണ് ഞാൻ കാത്തിരുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായി രാജേഷ് ഇറങ്ങിപ്പോയി.സിന്ധുവിന്റെ മകളും അമ്മ ഈ ബന്ധം തുടരാൻ ആഗ്രഹിക്കുന്നില്ലായെന്ന് പറഞ്ഞു. നിയമപരമായി ഇവർ വിവാഹം കഴിക്കാത്തതിനാൽ പഞ്ചായത്തും സിന്ധുവിന്റെ നിലപാടിനൊപ്പം നിന്നു. അപമാനിതനായി ഇറങ്ങിയ രാജേഷ് പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിലുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് കൗൺസിലിംഗിന് വിധേയനാക്കിയെന്നും രാജേഷ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. രാജേഷിന്റേത് സിന്ധുവിന് ശല്യമാകുന്ന തരത്തിലുള്ള സ്‌നേഹമായിരുന്നുവെന്നാണ് അറിവ്. അമിത സ്‌നേഹത്തിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയും കുറ്റപ്പെടുത്തലുകളും ഭീക്ഷണിയും സഹിക്കാൻ കഴിയാതെ ആയതോടെയാണ് സിന്ധു ഈ ബന്ധത്തിൽ നിന്നും പിന്മാറിയതെന്നാണ് വിവരം.കൂടാതെ മകളുടെ കല്യാണം രാജേഷ് ആണ് നടത്തിയതെങ്കിലും അവരുടെ ഭാവിക്ക് രാജേഷിൽ നിന്നും ഒഴിവാകാൻ സിന്ധു ആഗ്രഹിച്ചിരുന്നു. രണ്ടു മാസം മുൻപാണ് ഇരുവരും വേർപിരിഞ്ഞത്. രാജേഷ് നന്ദിയോട് ടൗണിൽ തന്നെ സ്‌കൂളിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുൻപാണ് സിന്ധുവിനെ വഴയിലയിൽ വെച്ച് രാജേഷ് ആക്രമിച്ച് കൊലപ്പെടുത്തിയത്. പേരൂർക്കടയ്ക്കടുത്ത വഴയിലയിലെ ഹോം നേഴ്‌സിങ് സ്ഥാപനത്തിൽ ജോലിക്ക് പോകാൻ എത്തിയതായിരുന്നു സിന്ധു . നന്ദിയോട് നിന്നും സിന്ധുവിനെ ബൈക്കിൽ പിന്തുടർന്ന രാജേഷ് വഴയിലയിൽ ബസിറങ്ങിയപ്പോൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.ആക്രമണത്തിൽ കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. കത്തിയുമായാണ് രാജേഷ് എത്തിയത്. അതുകൊണ്ട് തന്നെ വക വരുത്തുകയെന്ന ലക്ഷ്യം രാജേഷിനുണ്ടായിരുന്നു. സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും രണ്ടു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. സിന്ധു അകന്ന് മാറുന്നത് ചതിയായി രാജേഷ് കണ്ടു. ഇതാണ് കൊലയ്ക്ക് കാരണമായത്. നാട്ടുകാർക്ക് മുമ്പിലായിരുന്നു കീഴടങ്ങൽ. ഒടുവിൽ ജയിലിലെ ആത്മഹത്യയും