കോഴിക്കോട്: കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായത്. പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം നടന്നില്ലെന്ന് പെൺകുട്ടിയുടെ അച്ഛൻ ആരോപിക്കുന്നു.താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് കാണാതായ ദേവനന്ദ. മകളെ കാണാതായതുമായി ബന്ധപ്പെട്ട് ബിജു താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി താമരശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്.ഇന്ന് കൂരാച്ചുണ്ട് പഞ്ചായത്തിലെ മൊബൈല്‍ ടവര്‍ പരിധിയില്‍ വിദ്യാർത്ഥിയുടെ ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ അല്‍പ നിമിഷം മാത്രമാണ് സിഗ്നല്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂരാച്ചുണ്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല. പെൺകുട്ടി കോഴിക്കോട് ജില്ലയില്‍ തന്നെ ഉള്ളതായാണ് പൊലീസിന്റെ അനുമാനം. വിദ്യാർത്ഥിനിക്കായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉടനെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം എകരൂല്‍ സ്വദേശിയായ ഒരു വിദ്യാർത്ഥിയേയും അതേ ദിവസം മുതല്‍ കാണാതായിട്ടുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.