ന്യൂയോർക്ക്: മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചതിനു പിന്നാലെ പുതിയ പേര് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഒടുവിൽ രോഗത്തിന് പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. എംപോക്‌സ് (MPOX) എന്നാണ് മങ്കിപോക്‌സിന് പുതിയ പേരായി ആലോചിക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊളിറ്റിക്കോ എന്ന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.മങ്കിപോക്സിന്റെ പേരുമാറ്റണമെന്ന ആവശ്യത്തിൽ അമേരിക്കയിൽ നിന്നുൾപ്പെടെ കനത്ത സമ്മർദ്ദമായിരുന്നു ലോകാരോഗ്യ സംഘടനയ്‌ക്കുണ്ടായിരുന്നത്. ആഗോളതലത്തിൽ മങ്കിപോക്‌സ് ഇപ്പോഴും ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യൂഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗത്തിന് എംപോക്‌സ് എന്ന് പേരിടാൻ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.2022 മെയ് മുതലാണ് ലോകമെമ്പാടും മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. അമേരിക്കയിൽ മാത്രം 30,000ത്തിൽ അധികം രോഗികൾ റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്പിൽ നിന്നും നോർത്ത് അമേരിക്കയിൽ നിന്നുമെത്തിയ ആളുകൾക്കാണ് കൂടുതലും രോഗബാധ സ്ഥിരീകരിച്ചിരുന്നത്. സ്വവർഗാനുരാഗികളായ പുരുഷന്മാരിലും മങ്കിപോക്‌സ് വ്യാപനം കൂടുതലായിരുന്നു. ഇന്ത്യയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതലും പുരുഷന്മാർക്കാണ് രോഗം പിടിപെട്ടത്. നിലവിൽ രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.