കോട്ടയം: തടി ലോറി കാറിലേക്ക് ചരിഞ്ഞ് കാറിനടിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിലാണ് സംഭവം. തടിലോറിയ്ക്കടിയിൽ കുടുങ്ങിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ കൊല്ലപ്പുരയിടത്തിൽ നജീബാണ് ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപെട്ടത്.നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാർ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയർഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടർന്ന് കയർപൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തുകയും കാറിന് മുകളിൽ ഉണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയുമായിരുന്നു. തുടർന്ന് കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തിൽ നിന്ന് പുറത്തെടുത്തത്