ബംഗളൂരു: ലോകകപ്പ് ലീഗ് റൗണ്ടിലെ ഒമ്പതിൽ ഒമ്പതും നേടി ഇന്ത്യ. ഇത്തവണത്തെ ദീപാവലി ആഘോഷം പൊടിപ്പൊടിച്ചു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പില്‍ തുടര്‍ച്ചയായ ഒന്‍പത് ജയങ്ങള്‍ സ്വന്തമാക്കുന്നത്.ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (128), കെ എല്‍ രാഹുല്‍ (102) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഡച്ച് പട 47.5 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്,, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഓരോ വിക്കറ്റുണ്ട്.54 റണ്‍സ് നേടിയ താജ നിഡമാനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോററര്‍. സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (45), കോളില്‍ ആക്കര്‍മാന്‍ (35), മാക്‌സ് ഒഡൗഡ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വെസ്ലി ബരേസി (4), സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (17), ബാസ് ഡീ ലീഡെ (12), ലോഗന്‍ വാന്‍ ബീക്ക് (16), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (16), ആര്യന്‍ ദത്ത് (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. എഡ്വേര്‍ഡ്‌സിനെ കോലിയാണ് മടക്കിയത്. നിഡമാനുരുവിനെ രോഹിത്തും പുറത്താക്കി.നേരത്തെ, ശ്രേയസിനും രാഹുലിനും പുറമെ രോഹിത് ശര്‍മ (61), ശുഭ്മാന്‍ ഗില്‍ (51), വിരാട് കോലി (51) എന്നിവര്‍നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. ഓപ്പണമാര്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഗില്‍ – രോഹിത് സഖ്യം 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറില്‍ ഗില്‍ മടങ്ങിയതോടെയാണ് ഓപ്പണര്‍മാര്‍ പിരിഞ്ഞത്. 32 പന്തുകള്‍ നേരിട്ട ഗില്‍ നാല് സിക്‌സും മൂന്ന് ഫോറും നേടി. പോള്‍ വാന്‍ മീകെരന്റെ പന്തില്‍ തേജാ നിഡമാനുരുവിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ കോലിയും നീതി പുലര്‍ത്തുന്ന പ്രകടനം പുറത്തെടുത്തു. ഇതിനിടെ രോഹിത്തിനെ ബാസ് ഡീ ലീഡെ മടക്കി. അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് ക്യാ്പ്റ്റന്‍ മടങ്ങുന്നത്. 54 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും എട്ട് ബൗണ്ടറികളും നേടി.നാലാം വിക്കറ്റില്‍ കോലി – ശ്രേയസ് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നല് രീതിയില്‍ മുന്നോട്ട് പോകവെ വാന്‍ ഡര്‍ മെര്‍വെ നെതര്‍ലന്‍ഡ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. മെര്‍വെയുടെ പന്തില്‍ കോലി ബൗള്‍ഡ്. തുടര്‍ന്ന് ശ്രേയസ് – രാഹുല്‍ സഖ്യം ഇന്ത്യയെ തോളിലേറ്റി. 94 പന്തുകള്‍ മാത്രം നേരിട്ട ശ്രേയസ് അഞ്ച് സിക്‌സും പത്ത് ഫോറും നേടി. ലോകകപ്പില്‍ ശ്രേയസിന്റെ ആദ്യ സെഞ്ചുറിയാണിത്. അവസാന ഓവറിലാണ് രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നത്. 64 പന്തുകള്‍ മാത്ര നേരിട്ട ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ നാല് സിക്‌സും 11 ഫോറും നേടി. ഇരുവരും 208 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനൊപ്പം കൂട്ടിചേര്‍ത്തത്. രാഹുലിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവ് (2) പുറത്താവാതെ നിന്നു.