തിരുവനന്തപുരം: വിവാദ കത്തിൽ മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസ്. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നത് എല്ലാവർക്കും എടുക്കാവുന്ന രീതിയിൽ ആണെന്നും മാധ്യമങ്ങളിൽ കാണുന്ന ശുപാർശ കത്ത് തങ്ങൾ തയ്യാറാക്കിയിട്ടില്ലെന്നും ഇരുവരും മൊഴി നൽകി.നേരത്തെ വിജിലൻസ് അന്വേഷണ സംഘം, മേയർ ആര്യാ രാജേന്ദ്രന്റെയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും മൊഴിയെടുത്തിരുന്നു. കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിട്ടില്ലെന്നും കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നുമാണ് മേയർ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴി. നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും വിശദീകരിക്കുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങൾ നടക്കാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണത്തിന്റെ മുന്നോട്ടുപോക്കും പ്രതിസന്ധിയിലാണ്.