തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ്‍വൺ വിദ്യാര്‍ത്ഥിനിയ്ക്ക് ട്യൂഷൻ അധ്യാപകന്‍റെ മര്‍ദ്ദനം. ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ട് വന്നതിന് പതിനാറുകാരിയുടെ കരണത്തടിച്ചു. സംഭവത്തിൽ തമലം സ്വദേശി കാർത്തികയ്ക്ക് പരിക്കേറ്റു. ബോധരഹിതയായ വിദ്യാര്‍ത്ഥിനിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.ഗൈഡ് ലൈൻ ട്യൂഷൻ സെന്‍ററിലെ അധ്യാപകൻ മോഹനനെതിരെയാണ് പരാതി. എന്നാൽ കാലങ്ങളായി മകളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അധ്യാപകനെതിരെ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ കൂടി മൊഴിയെടുത്ത ശേഷം തുടര്‍ നടപടിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.