മാനന്തവാടി: തോൽപ്പെട്ടി ചന്ദ്രിക കൊലക്കേസിൽ ഭർത്താവിന് കോടതി ജീവപര്യന്തം വിധിച്ചു. അഞ്ചുലക്ഷം രൂപ പിഴയും കൊടുക്കണം. മാനന്തവാടി കോടതിയാണ് ഇരിട്ടി സ്വദേശി അശോകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019 മെയ് 5നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദ്രിക രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിന് പുറത്തിറങ്ങിയപ്പോൾ ഭർത്താവ് അശോകൻ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.പിഴത്തുകയായ അഞ്ചുലക്ഷംരൂപ ചന്ദ്രികയുടെ മക്കളായ അശ്വതിക്കും അനശ്വരയ്ക്കും നല്‍കണം. ഈ തുക അശോകനില്‍നിന്ന് ഈടാക്കാനായില്ലെങ്കില്‍ തുക നല്‍കാനുള്ള നടപടി സ്വീകരിക്കാനും കോടതി നിർദ്ദേശം നൽകി. കുടുംബപ്രശ്നങ്ങൾ കാരണം ഇരുവരും ഏറെ നാളായി അകന്ന് കഴിയുകയായിരുന്നു. തോൽപ്പെട്ടിയിലെ സഹോദരന്‍റെ വീട്ടിലായിരുന്നു ചന്ദ്രിക. ഇവിടെയത്തിയാണ് ഇരുട്ടിന്‍റെ മറവിൽ പതിയിരുന്ന് ഭർത്താവ് ചന്ദ്രികയെ ആക്രമിച്ചത്. മക്കളുടെ മുന്നില്‍വെച്ച് അശോകന്‍ ചന്ദ്രികയെ കുത്തിയത്. ഇവരുടെ മൊഴിയാണ് ശിക്ഷ ലഭിക്കുന്നതിന് നിര്‍ണായക വഴിത്തിരിവായത്. ചന്ദ്രികയുടെ മക്കളായ അശ്വതി, അനശ്വര എന്നിവരും സഹോദരന്‍ സുധാകരനും ആശോകനെതിരെ മൊഴി നൽകി.ഇടയ്ക്കിടെ അശോകൻ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കാണാൻ വന്നപ്പോഴൊക്കെ ചന്ദ്രിക ഭർത്താവിൽ നിന്നും അകന്നുമാറിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആശോകൻ ചന്ദ്രികയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തിരുനെല്ലി സ്റ്റേഷൻ ഹൌസ് ഓഫീസർ ആയിരുന്ന രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ 25 സാക്ഷികളെ വിസ്തരിച്ചു. 43 രേഖകൾ ഹാജരാക്കി. 50 തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കിയിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!