പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ കൂടെ കഴിയാൻ സഹതടവുകാർക്ക് വിമുഖത. ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതീവ സുരക്ഷയിലാണ് ഇയാളെ വിയ്യൂരിലേക്ക് മാറ്റിയത്. വിയ്യൂർ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്ക് എട്ടുമണിയോടെയാണ് മാറ്റിയത്. സഹതടവുകാർ വിമുഖത കാണിച്ചതിനെത്തുടർന്ന് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ ആലത്തൂർ കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ കോടതി അംഗീകരിച്ചതിനെത്തുടർന്നാണ് ജയിൽ മാറ്റം.2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നായിരുന്നു പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊല നടത്തിയത് പൂര്‍വവൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിനായി കൊടുവാളിന്‍റെ കൈ പിടി പ്രത്യേകം ഉണ്ടാക്കി. മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാളാണ് വാങ്ങിയത്. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. സുധാകരന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും സാക്ഷികള്‍ക്കും പ്രതി പുറത്തിറങ്ങിയാൽ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു ആണ് വക്കാലത്ത് നൽകിയത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!