കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ തിരുനൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിടും. തിരുനെൽവേലിയിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതം. മയക്കുവെടിയേറ്റ ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.ഇന്ന് പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കഴിഞ്ഞ കുറേയെറെ ദിവസങ്ങളായി ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്നു അരികൊമ്പൻ. ആറ് ദിവസമായി ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. ആനയെ 24 മണിക്കൂറും നിരീക്ഷിക്കുന്ന 85 പേരടങ്ങുന്ന തമിഴ്നാട് സംഘത്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ആനയെ മയക്കുവെടി വെക്കുകയുമായിരുന്നു. അരിക്കൊമ്പൻ ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നേരത്തെ നിരോധനാജ്ഞയുണ്ട്.ചിന്നക്കനാലിൽ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സ്ഥലത്തുനിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 29-നാണ് മയക്കുവെടിവച്ചത്. പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ഇതോടെയാണ് വീണ്ടും മയക്കുവെടിവച്ചത്.ദിവസങ്ങൾക്കുമുമ്പ് കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ നിരവധി വാഹനങ്ങൾ തകർത്തിരുന്നു. ആനയെക്കണ്ട് വാഹനത്തിനിന്ന് ഇറങ്ങിയോടുന്നതിനിടെ വീണ് പരിക്കേറ്റ ഒരാൾ പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതിനിടെ, അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ അരിയും ചക്കയും വാഴക്കുലയും അടക്കമുള്ളവ തമിഴ്‌നാട് വനംവകുപ്പ് അധികൃതർ കാട്ടിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിച്ച വനംവകുപ്പ് അധികൃതർ ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മയക്കുവെടി വെക്കുമെന്ന് വ്യക്തമാക്കി. പിന്നാലെയാണ് മാസങ്ങൾക്കിടെ രണ്ടാം തവണയും മയക്കുവെടി വച്ചത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!