ന്യൂഡല്‍ഹി: അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ അണിനിരക്കുക സ്ത്രീകള്‍ മാത്രമായിരിക്കും. മാര്‍ച്ച് ചെയ്യുന്ന സംഘങ്ങള്‍ മുതല്‍ നിശ്ചല ദൃശ്യങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കുന്നവര്‍ വരെ സ്ത്രീകള്‍ ആയിരിക്കും. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വലിയ ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം.സായുധ സേനകള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ പ്രതിരോധ മന്ത്രാലയം നല്‍കിയിട്ടുണ്ട്. ‘2024 ലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡിലെ സംഘങ്ങളില്‍ (മാര്‍ച്ചും ബാന്‍ഡും), നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകള്‍ മാത്രമേ പങ്കെടുക്കൂ എന്ന് തീരുമാനിച്ചു’ – വകുപ്പുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി റിപ്പബ്ലിക് ദിന പരേഡില്‍ സ്ത്രീ പ്രാതിനിധ്യം സര്‍ക്കാര്‍ വര്‍ധിപ്പിച്ച് വന്നിരുന്നു. പെണ്‍ കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ വര്‍ഷത്തെ കേരളത്തിന്റെ നിശ്ചല ദൃശ്യം.2015 ല്‍ ആദ്യമായി, മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019ല്‍, കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായി ക്യാപ്റ്റന്‍ ശിഖ സുരഭി. തൊട്ടടുത്ത വര്‍ഷം ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗില്‍ പുരുഷ പരേഡ് സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയായി. 2021-ല്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.