അരീക്കോട്: നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപു നാട്ടിൽ നിന്നു മടങ്ങിയ സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27) ആണു മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു മരിച്ചതായാണു ബന്ധുക്കൾക്കു വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കും.നുഫൈൽ ജോലി ചെയ്യുന്ന മേഖലയിൽ അതിശൈത്യമാണ് അനുഭവപ്പെട്ടിരുന്നത്. വ്യാഴാഴ്ച രാവിലെ നുഫൈലിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വൈകീട്ട് അഞ്ചുമണിയോടെ നുഫൈലിന് ജീവൻ നഷ്ടപ്പെടുകയായിരുന്നു.8 വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടു വർഷമായി കശ്മീരിലാണ്. ഡിസംബർ അവസാനം നാട്ടിലെത്തിയിരുന്നു. ഈ മാസം 2ന് മുക്കം കുളങ്ങര സ്വദേശിനിയുമായി നിക്കാഹ് കഴിഞ്ഞ് 22ന് ആണു മടങ്ങിയത്. കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. വ്യാഴം രാവിലെ 10.30നു പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒൻപതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചു. ഉമ്മ ആമിനയും നുഫൈലിന്റെ സഹോദരിയുമാണു കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊടുവങ്ങാട് മിച്ചഭൂമി മൈതാനത്തും വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വെക്കും. സൈനിക നടപടികൾ പ്രകാരം ഖബറടക്കും.