കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങുമ്പോൾ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായി. ചുരത്തിന്റെ ഏറ്റവും മുകളിൽ നിന്നും താഴേക്ക് ഇറങ്ങിയ സമയത്താണ് കെഎസ്ആർടിസി സൂപ്പർഡീലക്‌സ് ബസിന്റെ ബ്രേക്ക് നഷ്ടമായത്. തക്കസമയത്ത് മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച ഡ്രൈവർ സി.ഫിറോസ് രക്ഷപ്പെടുത്തിയത് 36 പേരുടെ ജീവനാണ്. റിപ്പബ്ലിക് ദിനത്തിൽ രാത്രി 9.30ന് ചുരത്തിൽ നിന്നും ബസ് താഴേക്ക് ഇറങ്ങുമ്പോഴാണ് സംഭവം,ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വന്ന എടിസി 255 ഡീലക്‌സ് ബസിന്റെ ബ്രേക്കാണ് നഷ്ടപ്പെട്ടത്. ബസിൽ 36 യാത്രക്കാരും കണ്ടക്ടർ വിപിനും ഫിറോസുമടക്കം 38 പേർ വണ്ടിയിലുണ്ടായിരുന്നു. വയനാട് പിന്നിട്ട് ലക്കിടിയിലെ കവാടം കടന്ന് ചുരത്തിലേക്ക് പ്രവേശിച്ചത്. വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയർസിസ്റ്റം തകരാറിലായതിനെ തുടർന്ന് ബ്രേക്ക് നഷ്ടപ്പെട്ടതായി ഫിറോസ് തിരിച്ചറിഞ്ഞത്. ആദ്യം ഒന്നു പതറി എങ്കിലും മനസാന്നിധ്യം വീണ്ടെടുത്തു.ഒരു വശത്ത് വ്യൂ പോയന്റിൽനിന്ന് താഴേക്കു വലിയ ഗർത്തമാണ്. എതിർവശത്ത് കൂറ്റൻപാറയും. മനസ്സാന്നിധ്യം നഷ്ടപ്പെടാതെ ഡ്രൈവർ ഫിറോസ് ബസ് നിയന്ത്രണത്തിൽ കൊണ്ടുവന്ന് ഒതുക്കി നിർത്തുകയായിരുന്നു. ഈ സമയത്ത് യാത്രക്കാർ ഉറക്കത്തിലായതിനാൽ ഇതൊന്നുമറിഞ്ഞില്ല. പിന്നീട് തൊട്ടുപിറകിൽവന്ന സൂപ്പർഫാസ്റ്റ് ബസിൽ യാത്രക്കാരെ കയറ്റിവിട്ടു. ബ്രേക്ക് നഷ്ടപ്പെട്ടതിനെതുടർന്നാണ് ബസ് നിർത്തിയതെന്നറിഞ്ഞ യാത്രക്കാർ ഡ്രൈവർക്കു നന്ദി പറഞ്ഞാണ് മടങ്ങിയത്. കെഎസ്ആർടിസി കോഴിക്കോട് എന്ന ഫേസ്‌ബുക്ക് പേജിൽ കണ്ടക്ടർ വിപിനെഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.