കോഴിവിലയിൽ 40 രൂപയോളമാണ് ഒരാഴ്ചകൊണ്ട് ഇടിഞ്ഞത്. വിവാഹങ്ങളും തിരുന്നാളുകളും പോലുള്ള വിശേഷ ദിവസങ്ങളിൽ ഡിമാൻഡ് ഏറെയുള്ള ഈ സീസണിൽ ഇറച്ചിക്കോഴിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഉപഭോക്താക്കളെ പുറകോട്ട് വലിച്ചപ്പോൾ ബുദ്ധിമുട്ടിലായത് കർഷകരും കച്ചവടക്കാരും ആണ്. അതോടെ ഫാം റേറ്റ് ജനുവരി 1ന് 115 രൂപയിൽ നിന്ന‌ കോഴിവില കൂപ്പുകുത്തി. 65 രൂപയായിരുന്നു നാലു ദിവസം മുൻപ് ഏറ്റവും കുറഞ്ഞ ഫാം റേറ്റ്. കോഴിവില ഇടിഞ്ഞതോടെ കോഴികുഞ്ഞുങ്ങളുടെ വിലയും താണു. ഇപ്പോൾ നേരിയ മാറ്റത്തോടെ ഫാമിൽനിന്നു കോഴി പിടിക്കുന്ന വില 71ൽ എത്തിനിൽക്കുകയാണ്.കർഷകരാണ് പൗൾട്രി മേഖലയിലെ ഈ ‘കോഴിപ്പോരു’ മൂലം ഏറ്റവുമധികം ബുദ്ധിമുട്ടിയത്. കിലോഗ്രാമിന് 45 രൂപ വിലയുള്ള തീറ്റയും 30 രൂപയ്ക്കു മുകളിൽ വിലയുള്ള കുഞ്ഞുങ്ങളെയും വാങ്ങി വളർത്തിയാൽ 65 രൂപ ലഭിച്ചാൽ എങ്ങനെ മുതലാകും. ഒരു കോഴിക്കുഞ്ഞിന് ഒരു കിലോ തൂക്കത്തിലെത്താൻ 1.6 അല്ലെങ്കിൽ 1.7 കിലോ തീറ്റ വേണം. അപ്പോൾത്തന്നെ 70 രൂപയ്ക്കു മുകളിൽ തീറ്റയ്ക്ക് മാത്രം ചെലവായിട്ടുണ്ടാകും. കുഞ്ഞിന്റെ വിലകൂടി കൂട്ടിയാൽ കൈക്കാശ് പോകുന്ന അവസ്ഥ. കോഴിത്തീറ്റ വില ഉയർന്നുതന്നെ നിൽക്കുന്നതിനാൽ വിപണിയിൽനിന്ന് വിട്ടുനിൽക്കുന്നവർ ഏതാനും മാസങ്ങളായി ഏറെ. ശരാശരി 30 രൂപയായിരുന്ന കോഴിത്തീറ്റവില കോവിഡ് കാലത്താണ് കുത്തനെ ഉയർന്നത്. കിലോഗ്രാമിന് 15 രൂപയോളം വർധിച്ചെങ്കിലും കോഴിവിലയിൽ വലിയ പ്രതിഫലനമുണ്ടായില്ല. അതിനാലാണ് പല കർഷകരും മേഖലയിൽനിന്ന് വിട്ടുനിന്നത്.ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’ എന്നാണ് പോസ്റ്ററിലെ പ്രധാന വാചകം. സി.എ. നഗർ ചിക്കൻകട എന്നും പോസ്റ്ററിലുണ്ട്. പക്ഷേ, ഇത് എവിടുള്ളതാണെന്ന് വ്യക്തമല്ല. ‘നിങ്ങൾ വാങ്ങിയതിന്റെ പൈസ ഉടനെ തന്നെ നൽകേണ്ടതാണ്. അല്ലാത്തപക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ എന്നും പോസ്റ്ററിലുണ്ട്. ഇത് ഒരു കോഴിക്കടയുടെയോ അല്ലെങ്കിൽ കടയുടമയുടെയോ മാത്രം പ്രശ്മല്ല. സംസ്ഥാനത്തെ പല കോഴിക്കടയുടെയും അവസ്ഥ ഇപ്പോൾ ഇങ്ങനെതന്നെയാണ്. പറ്റുബുക്ക് ഇല്ലാത്ത കോഴിക്കടകൾ ഇല്ലെന്നുതന്നെ പറയാം. വിൽപനകൂടി കുറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിൻപുറങ്ങളിലെ ചെറുകിട കച്ചവടക്കാർ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. അതുകൊണ്ടുതന്നെയാകാം ഇത്തരത്തിലൊരു പോസ്റ്റർ കടയ്ക്കുമുൻപിൽ ഇടംപിടിച്ചത്. എന്നാൽ ഇതിനെതിരെ സർക്കാർ ഇതുവരെയും ഇടപെടലുകൾ കാര്യക്ഷമമായി നടത്തിയില്ലെന്നത് ദുഃഖകരമാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!