ആലപ്പുഴ: സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാർ. ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങൾ പറയുന്നത് മുസ്ലിംങ്ങളോടാണെന്നും മറ്റുള്ളവർ അതിൽ ഇടപെടേണ്ടെന്നും കാന്തപുരം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്നും കാന്തപുരം ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അവിടെ ഏരിയ സെക്രട്ടറിയായി സ്ത്രീകളെ പരിഗണിക്കാതിരുന്നതെന്നും കാന്തപുരം ചോദിക്കുന്നു.സമസ്തയുടെ മുശാവറയാണ് അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞതെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. എന്നാൽ, അതിനെ ഏതോ ഒരു വ്യായാമത്തിൻ്റെ പേരിലാക്കി തൻ്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർ മാരും അഭിപ്രായം പറയുന്നു. ഞങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോയെന്നും കാന്തപുരം ചോദിച്ചു.അന്യപുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുകൂടാൻ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണ്. ബസിലും ഇരിപ്പിടങ്ങളിൽ തുടങ്ങി എല്ലാ ഇടത്തും ലോകമോട്ടാകെ സ്ത്രീ പുരുഷൻ എന്ന് എഴുതി വച്ചിരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്താൻ അല്ല. സ്ത്രീകളെ സ്വർണം സൂക്ഷിക്കും പോലെയാണ് സൂക്ഷിക്കുന്നത്. ഇസ്ലാമിന് മുൻപ് സ്ത്രീകൾക്ക് സ്വത്ത് അവകാശം ഉണ്ടായിരുന്നില്ല. ഇസ്ലാം സ്ത്രീകൾക്ക് സ്വത്ത് അവകാശം കൊടുത്തു. സ്ത്രീകളുടെ പാതിവ്രത്യവും സംരക്ഷണവും നിലനിർത്തുന്നതിനാണ് പർദ്ദ സമ്പ്രദായം. ഒരാളും എതിർത്തിട്ട് കാര്യമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. മുസ്ലിം സമുദായം അത് സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും കാന്തപുരം പറയുന്നു.