കോഴിക്കോട്: രൂപമാറ്റം വരുത്തിയ ടിപ്പർ ലോറിയിൽ അനധികൃതമായി ഡീസല്‍ വില്‍ക്കാൻ ഉപയോഗിച്ചതിന് വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. മാഹിയില്‍ നിന്ന് അനധികൃതമായി വന്‍തോതില്‍ ഡീസല്‍ എത്തിച്ച് വില്‍പന നടത്തിയിരുന്ന ടിപ്പര്‍ ലോറിയാണ് പിടികൂടിയത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് കോഴിക്കോട് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊടിയത്തൂര്‍ പഞ്ചായത്തിലെ പുതിയനിടം എന്ന സ്ഥലത്ത് വെച്ചാണ് മുക്കം എസ്‌ഐ ജെഫിന്‍ രാജുവിന്റെ നേതൃത്വത്തില്‍ പൊലീസ് വാഹനം പരിശോധിച്ചത്. ഏവരെയും അമ്പരിപ്പിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയാണ് ലോറിയില്‍ ഡീസല്‍ സംഭരിച്ചിരുന്നത്. മുകള്‍ ഭാഗത്ത് സിമന്റ് കല്ല് നിറച്ച രീതിയിലും ഇതിന് താഴെയായി 1200 ലിറ്ററോളം സംഭരണ ശേഷിയുള്ള ടാങ്കും സജ്ജീകരിച്ചിരുന്നു. പിറകിലെ ബോഡിയുടെ ഡോര്‍ തുറന്നാല്‍ മാത്രമാണ് ഇന്ധന ടാങ്കിന്റെ സജ്ജീകരണങ്ങള്‍ കാണാന്‍ സാധിക്കുക. ഐഷര്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയാണിത്.പ്രദേശത്തെ പെട്രോള്‍ പമ്പുകളില്‍ നിന്നും വലിയ അളവില്‍ ഇന്ധനം നിറച്ചിരുന്ന ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അടുത്ത കാലത്തായി എത്താതായതിനെ തുടര്‍ന്ന് പമ്പ് ഉടമകള്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാഹിയില്‍ നിന്നും അനധികൃതമായി ഡീസല്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തെപ്പറ്റി മനസ്സിലായത്. ഓരോ ലിറ്ററിലും മൂന്നും നാലും രൂപയുടെ കുറവിലാണ് ഇന്ധനം നല്‍കിയിരുന്നത്. വലിയ വാഹനങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നതിനാല്‍ ഭൂരിഭാഗം വാഹനങ്ങളും അനധികൃത വില്‍പനക്കാരെ ആശ്രയിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!