നാഗ്പൂർ: 26-ാം വിവാഹ വാർഷിക ആഘോഷങ്ങൾക്ക് ശേഷം ദമ്പതികളെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ജെറിൽ ഡാംസൺ ഓസ്‌കാർ മോൺക്രിഫ് (57) ഭാര്യ ആൻ (46) എന്നിവരാണ് മരിച്ചത്. മാർട്ടിൻ നഗറിലെ ഇവരുടെ വസതിയിൽ നിന്നാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് നടത്തിയ വിവാഹവാർഷിക ആഘോഷങ്ങൾക്ക് പിറ്റേന്നാണ് ഇവരുടെ മരണം.വിവാഹ വാർഷികത്തിന് അണിഞ്ഞ വസ്ത്രം പോലും മാറാതെ ഡ്രോയിംഗ് റൂമിലെ കട്ടിലിലാണ് ആനിന്റെ മൃതദേഹം കണ്ടെത്തിയത്. ആനിന്റെ മൃതദേഹം പൂക്കളാൽ മൂടപ്പെട്ടിരുന്നു. അതേ സമയം ജെറിലിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതേ സമയം വാർഷികാഘോഷത്തിന്റെ ഫോട്ടോകളോടൊപ്പം ഒരു ആത്മഹത്യാക്കുറിപ്പെന്ന് തോന്നിക്കുന്ന കുറിപ്പും ദമ്പതികൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ദമ്പതികൾ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ആദ്യം ഭാര്യ തൂങ്ങി മരിച്ച ശേഷം ഭർത്താവ് മൃതദേഹം കെട്ടഴിച്ച് കട്ടിലിൽ കിടത്തുകയായിരുന്നുവെന്നും മൃതദേഹത്തിന് ചുറ്റും പൂക്കൾ അലങ്കരിച്ച് അടുത്തതായി തന്റെ ഊഴം തെരഞ്ഞെടുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ദമ്പതികളുടെ അന്ത്യാഭിലാഷം പോലെത്തന്നെ കൈകോർത്ത് ഇരുവരെയും ഒരു ശവപ്പെട്ടിക്കുള്ളിലാണ് ജരിപത്ക കത്തോലിക്കാ സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ളത്.മരണരാത്രിയ്ക്ക് ശേഷം പുലർച്ചെയാണ് ദമ്പതികളുടെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റ് ബന്ധുക്കൾ ഉൾപ്പെടെ കാണുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിശദമായ പരിശോധനയ്ക്കായി ദമ്പതികളുടെ മൊബൈൽ ഫോണുകൾ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.