കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയതിന് കേസ്. കോഴിക്കോട്-നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടൂളിയിൽ ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിലാണ് കേസ്.ബാലസംഘത്തിന്റെ പരിപാടിക്ക് ശേഷം കോഴിക്കോട്ടെ തന്നെ മറ്റൊരു പരിപാടിക്കായി മുഖ്യമന്ത്രി പോകുമ്പോഴാണ് അപകടമുണ്ടാകുന്നത്. ഉടൻ തന്നെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആർക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനമാണെന്ന് അറിഞ്ഞില്ലെന്നാണ് ഡ്രൈവറുടെ പ്രതികരണം.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി സഞ്ചരിച്ച വാഹനവും എസ്‌കോർട്ട് വാഹനങ്ങളും ആംബുലൻസുമടക്കം അപകടത്തിൽപ്പെട്ടത് വലിയ വാർത്തയായിരുന്നു. റോഡ് മുറിച്ചുകടന്ന സ്‌കൂട്ടറിൽ ഇടിക്കാതിരിക്കാനായി വണ്ടി സഡൻ ബ്രേക്കിട്ടപ്പോൾ പുറകെ വന്ന വണ്ടികൾ കൂട്ടിയിടിക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്നു വാഹനവ്യൂഹം. ഇരുഭാഗവും ഗതാഗതനിയമങ്ങൾ പാലിച്ചില്ലെന്ന ആരോപണമുള്ളതിനാൽ കേസിലേക്ക് പോകേണ്ടെന്നായിരുന്നു പൊലീസ് നിലപാട്.