സൂറത്ത്: ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ടെക്സ്റ്റൈൽ ചരക്ക് എടുക്കാൻ സൂറത്തിൽ എത്തിയപ്പോൾ ആയിരുന്നു അപകടത്തിൽപ്പെട്ടത്. റിങ് റോഡിൽനിന്ന് വ്യാപാര ആവശ്യത്തിനുള്ള ടെക്സ്റ്റൈൽ ചരക്ക് എടുക്കാൻ എത്തിയതായിരുന്നു രഞ്ജിത്ത്. ഇയാൾക്കൊപ്പം ഭാര്യയും ഉണ്ടായിരുന്നു. ടെക്സ് പലാസോ ഹോട്ടലിൽ താമസിക്കവെ ലിഫ്റ്റിൽ കയറുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വ്യാഴാഴ്ച വൈകിട്ട് 5:15നാണ് അപകടമുണ്ടായതെന്ന് സൂറത്ത് മാധ്യമമായ ദ ബ്ലണ്ട് ടൈംസ് റിപ്പോർട്ട് ചെയ്തു. സൂറത്തിലെ റിങ് റോഡിലുള്ള സൂറത്ത് ടെക്സ്റ്റൈൽ മാർക്കറ്റിന് തൊട്ടടുത്താണ് ടെക്സ് പലാസോ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. ഹോട്ടലിലെ ഏഴാം നിലയിൽനിന്ന് ലിഫ്റ്റിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിൽ പ്രവേശിക്കരുതെന്ന് രഞ്ജിത്തിനോട് ഹൗസ്കീപ്പിങ് സ്റ്റാഫ് പറഞ്ഞിരുന്നതായി ഹോട്ടൽ മാനേജ്മെൻ്റിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്. എന്നാൽ ലിഫ്റ്റ് ഡോർ തുറന്ന് രഞ്ജിത്ത് പ്രവേശിക്കുകയും ലിഫ്റ്റ് പിറ്റിലേക്ക് വീഴുകയുമായിരുന്നു എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ഏഴാം നിലയിൽനിന്ന് ഗ്രൗണ്ട് ഫ്ലോറിലേക്ക് പോകാൻ എത്തിയതായിരുന്നു രഞ്ജിത്ത്. ലിഫ്റ്റ് ഇതുവരെ തറയിലേക്ക് അടുത്തിട്ടില്ലെന്ന് ഹൗസ് കീപ്പിങ് സ്റ്റാഫ് മുന്നറിയിപ്പ് നൽകിയെന്നാണ് ഹോട്ടൽ മാനേജ്മെൻ്റിനെ ഉദ്ധരിച്ച ദ ബ്ലണ്ട് ടൈംസിൻ്റെ റിപ്പോർട്ട്. എന്നാൽ, ലിഫ്റ്റിൻ്റ വാതിൽ തുറന്ന് രഞ്ജിത്ത് അകത്തേക്ക് പ്രവേശിച്ചതോടെ ലിഫ്റ്റ് പിറ്റിലേക്ക് (ലിഫ്റ്റിലെ കുഴി) വീഴുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തി ഗുരുതര പരിക്കേറ്റ രഞ്ജിത്തിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പോകുംവഴി മരണം സംഭവിക്കുകയായിരുന്നു.ഹോട്ടലിലെ ലിഫ്റ്റ് ലിഫ്റ്റമാൻ മാനുവലായി പ്രവർത്തിപ്പിക്കുന്നതായിരുന്നുവെന്ന് ഹോട്ടലുടമ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ലിഫ്റ്റ് തുറക്കരുതെന്ന് ഹൗസ്കീപ്പിങ് സ്റ്റാഫ് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് എന്തിനാണ് അദ്ദേഹം ലിഫ്റ്റ് തുറന്നതെന്ന് അറിയില്ലെന്നും ഹോട്ടലുടമ പറഞ്ഞു.അതേസമയം ഹോട്ടൽ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് സൂറത്തിലെ കേരള സമാജം പ്രവർത്തകർ ആരോപിച്ചു. രഞ്ജിത്തിന്റെ മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ് മോർട്ടം നടപടികൾ പുർത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂറത്തിലെ അഡാജൻ കേരളാ അസോസിയേഷൻ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.