കര്‍ണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനു വേണ്ടിയുള്ള തിരച്ചിലിന് ഈശ്വർ മൽപെ പുഴയിലിറങ്ങി. ഷിരൂരിൽ മഴ കുറഞ്ഞതും ഒഴുക്ക് ചെറിയരീതിയിൽ കുറഞ്ഞതോടെയാണ് വീണ്ടും ഈശ്വർ മൽപെയുടെ നേതൃത്വത്തിലെ സംഘം തിരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. അതേസമയം, ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്.തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും നദിയിൽ ഇറക്കാൻ സാധിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ കൂടുതൽ കാര്യംക്ഷമമാക്കണം. എന്തു സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.