പെരുമ്പാവൂർ: ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും ലോറിയിടിച്ച് മരിച്ചത് മുഹമ്മദ് ഇജാസിന്റെ സുഹൃത്തുക്കൾ പങ്കെടുക്കുന്ന ടൂർണമെന്റ് കാണാൻ പാലക്കാട്ടേക്ക് പോകുംവഴിയെന്ന് റിപ്പോർട്ട്. എറണാകുളം ജഡ്ജസ് അവന്യു പീടികത്തറയിൽ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി കുരിശുംമൂട് പുതുപുരയ്ക്കൽ ഫിയോണ ജോസ് (18) എന്നിവരാണ് കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലിന് എം.സി. റോഡിൽ പുല്ലുവഴിക്കു സമീപം കുറ്റിക്കാട്ട് ക്ഷേത്രം ഭണ്ഡാരത്തിനും കർത്താവുംപടി ജങ്ഷനുമിടയ്ക്കായിരുന്നു അപകടം.പെരുമ്പാവൂർ ഭാഗത്തേക്കു പോയ ബൈക്ക് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇജാസ് തൽക്ഷണം മരിച്ചു. ഫിയോണയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവരും സുഹൃത്തുക്കളാണെന്നാണ് വിവരം. ജോസ് ഗ്രിഗറിയുടെയും ജെറ്റ്സിയുടെയും മകളായ ഫിയോണ എറണാകുളത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയാണ്. കുഴിവേലിപ്പടി കെ.എം.ഇ.എ. കോളേജ് വിദ്യാർഥിയാണ് മുഹമ്മദ് ഇജാസ്. മാതാവ്: നജ്മ. സഹോദരി: ജാസ്മി.